10 രൂപയെച്ചൊല്ലി വാക്കുതർക്കം; ഡ്രൈവറെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു; രണ്ട് പേർ പിടിയിൽ
ഗുരുഗ്രാം: പത്തു രൂപയുടെ യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലാണ് സംഭവം. യാത്ര അവസാനിച്ചപ്പോൾ ഡ്രൈവർ ആവശ്യപ്പെട്ട തുകയും യാത്രക്കാർ നൽകിയ തുകയും തമ്മിൽ പത്തു രൂപയുടെ വ്യത്യാസമുണ്ടായിരുന്നതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം രൂക്ഷമാവുകയും യാത്രക്കാർ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. മോമിൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് മർദനമേറ്റത്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് ഇറക്കിയ ശേഷം 40 രൂപ കൂലി ആവശ്യപ്പെട്ടപ്പോൾ ഇവർ 30 രൂപ മാത്രം നൽകി. ബാക്കി 10 രൂപയെച്ചൊല്ലി തുടങ്ങിയ വാക്കുതർക്കം രൂക്ഷമായതോടെ പ്രതികൾ ഡ്രൈവറെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
അക്രമികൾ മോമിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പോക്കറ്റിലുണ്ടായിരുന്ന 1,500 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു. മോമിൻ തിങ്കളാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ടർ 40 പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഝർസ ഗ്രാമവാസികളായ അങ്കിത്, അങ്കുൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും ഉടൻതന്നെ പ്രതികളെ പിടികൂടുകയുമായിരുന്നു.
ശാരീരികമായി ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.