മൊബൈൽ ആപ്പുകളിലൂടെ നീല ചിത്ര നിർമാണവും വിതരണവും; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വീട്ടിലും ഓഫിസുകളിലും ഇ.ഡി റെയ്ഡ്

Update: 2024-11-29 07:45 GMT

മുംബൈ: മൊബൈൽ ആപ്പുകളിലൂടെ നീല ചിത്ര നിർമാണവും വിതരണം നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. രാജ് കുന്ദ്രയുടെ വീടും ഓഫിസും ഉൾപ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലും കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തിയത്.

'ഹോട്ട്‌ഷോട്ട്' എന്ന ആപ്ലിക്കേഷൻ വഴി നീല ചിത്ര വിതരണം നടത്തി ധനസമ്പാദനം നടത്തുന്നുവെന്ന കേസുമായി ബന്ധപ്പെട്ട് കുന്ദ്ര മാസങ്ങളായി ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. ആപ്പിൾ, ഗൂഗിൾ പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ മുമ്പ് ലഭ്യമായിരുന്ന ആപ്പ്, പൊതുപരവും നിയമപരവുമായ പരിശോധനയ്ക്ക് ശേഷം നീക്കം ചെയ്തിരുന്നു.

ആപ്പിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കുന്ദ്ര തൻ്റെ കമ്പനിയായ ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കേസ്. യുകെ ആസ്ഥാനമായുള്ള കെൻറിൻ പ്രൈവറ്റ് ലിമിറ്റഡിന് ആപ്പ് വിൽക്കാൻ ആംസ്‌പ്രൈം തയ്യാറായതോടെയാണ് നീല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും സ്ട്രീം ചെയ്യുന്നതിനും വഴിയൊരുക്കിയതെന്നുമാണ് ആരോപണം.

വെള്ളിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണെന്ന് റിപ്പോർട്ട്. വീട്ടിലും ഓഫീസിലുമായി സംഘം രേഖകൾ പരിശോധിച്ചുവരികയാണ്. കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെയും ഓഫിസുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പുണെ ജില്ലയിലെ പാവ്‌ന അണക്കെട്ടിന് സമീപമുള്ള വസതിയും ഫാം ഹൗസും ഒഴിയാൻ 2024 സെപ്റ്റംബറിൽ ദമ്പതികൾക്ക് കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നു. അതിനിടെ, രാജ് കുന്ദ്രക്കും ഭാര്യ ശിൽപ ഷെട്ടിക്കും നീലച്ചിത്ര നിർമാണത്തിൽ ഒരു ബന്ധവും ഇല്ലെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.

Tags:    

Similar News