സ്‌കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലിന് ഇമെയിൽ; വിവരമറിഞ്ഞ് സ്‌കൂളിൽ വൻ പോലീസ് സന്നാഹമെത്തി; തിരച്ചിലിൽ സംശായാസ്പദമായി ഒന്നും കണ്ടെത്താനായില്ല; പിന്നാലെ വിദ്യാർത്ഥി അറസ്റ്റിൽ

Update: 2025-10-17 07:13 GMT

ഡൽഹി: ഡൽഹിയിലെ വികാസ് ഭാരതി പബ്ലിക് സ്കൂളിൽ വ്യാജ ബോംബ് ഭീഷണി. പരീക്ഷ ഭയന്ന് സ്‌കൂളിലെ വിദ്യാർത്ഥിയാണ് പ്രിൻസിപ്പലിന് ഇമെയിലൂടെ ബോംബ് ഭീഷണി അയച്ചതെന്ന് പൊലീസ് കണ്ടെത്തി. വിദ്യാർത്ഥിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.

വിവരം ലഭിച്ചയുടൻ പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി സാധാരണ ബോംബ് ഭീഷണി പ്രോട്ടോക്കോളുകൾ പ്രകാരം സ്കൂളും പരിസരവും ഒഴിപ്പിച്ച് പരിശോധന നടത്തി. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ബ്രിഗേഡ് ടീമുകൾ എന്നിവർ കെട്ടിടത്തിൽ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല. ഇതോടെ, ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

തുടർന്ന്, പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ഇ-മെയിൽ അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ, ഒരു വിദ്യാർഥിയാണ് ഭീഷണി ഇ-മെയിൽ അയച്ചതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പരീക്ഷ റദ്ദാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വിദ്യാർഥി സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹിയിലെ വിവിധ സ്കൂളുകളിൽ ഇത്തരത്തിലുള്ള വ്യാജ ബോംബ് ഭീഷണികൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്നതായും പോലീസ് അറിയിച്ചു. ഇത്തരം വ്യാജ ഭീഷണികൾ ഗുരുതരമായ കുറ്റകൃത്യമാണെന്നും ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News