ഓപ്പറേഷൻ ക്ലീൻ..; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ; ഗുണ്ടാസംഘത്തെ ഓടിച്ചിട്ട് വളഞ്ഞ് പോലീസ്; നാല് ക്രിമിനലുകളെ വധിച്ചു; ഒരു ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്; സംഭവം യുപി യിൽ
ലക്നൗ: യു പിയിലെ ഷാംലിയിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സും ക്രിമിനലുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. ഒരു എസ്ടിഎഫ് ഉദ്യോഗസ്ഥന് പരിക്ക് പറ്റി. കുപ്രസിദ്ധ മുസ്തഫ കഗ്ഗ ഗുണ്ടാ സംഘത്തിലെ അർഷാദും കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുള്ളവരിൽ മൻജീത്, സതീഷ് എന്നിവരെ തിരിച്ചറിഞ്ഞെങ്കിലും ഒരാളെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
മോഷണം, കൊള്ള, കൊലപാതകം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഏർപ്പെടുത്തിയിരുന്ന കുറ്റവാളിയാണ് അർഷാദ്. സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ടിഎഫ് സേന ജിഞ്ചാനയിലെത്തി പ്രതികളെ വളയുകയായിരുന്നു. എസ്ടിഎഫ് സംഘത്തിന് നേരെ അക്രമികൾ വെടിയുതിർത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.
ഓപ്പറേഷന് നേതൃത്വം നൽകിയ എസ്ടിഎഫ് ഇൻസ്പെക്ടർ സുനിലിന് ഗുരുതരമായി പരിക്കേറ്റു. അടിവയറ്റിലാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നും കർണാലിലെ അമൃത്ധാര ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയതായും എസ്ടിഎഫ് എഎസ്പി ബ്രിജേഷ് കുമാർ വ്യക്തമാക്കി.