1,320 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി പദ്ധതിയുടെ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് കമാനം സ്ഥാപിക്കുന്നതിനിടെ അപകടം; ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്; മരിച്ചവരില്‍ എല്ലാം അസം സ്വദേശികള്‍
ചെന്നൈ: തമിഴ്‌നാട്ടിലെ എന്നൂര്‍ പ്രദേശത്ത് നടന്ന അപകടത്തില്‍ ഒന്‍പത് അതിഥി തൊഴിലാളികള്‍ മരിച്ചു. താപവൈദ്യുതി നിലയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ എല്ലാം അസം സ്വദേശികളാണ്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിര്‍മാണ സ്ഥലത്താണ് അപകടം.
പൊന്നേരിക്ക് സമീപമുള്ള 1,320 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി പദ്ധതിയുടെ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് കമാനം സ്ഥാപിക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്. തൊഴിലാളികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പ് തട്ട് അപ്രതീക്ഷിതമായി തകര്‍ന്നുവീഴുകയായിരുന്നു. 20 അടി ഉയരത്തിലാണ് അവര്‍ ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഇവര്‍ താഴേക്ക് വീഴുകാകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴി മധ്യേ ഒന്‍പതുപേരും മരിച്ചിരുന്നു.
മരിച്ചവരെല്ലാം അസം സംസ്ഥാനത്തുനിന്ന് വന്ന തൊഴിലാളികളാണ്. മരിച്ച ഒന്‍പതുപേരെയും തിരിച്ചറിഞ്ഞു. മുന്നകെംപ്രല്‍, വിദയും പ്രവോത്ഷ, സുമോന്‍ കരികാപ്പ്, ദീപക് റൈജിയുങ്, സര്‍ബോനിത് തോസെന്‍, പ്രാന്റോ സൊറോങ്, പബന്‍ സൊറോങ്, ഫൈബിത് ഫോങ്ലോ, ബിമരാജ് തൗസന്‍ എന്നിവരാണ് മരിച്ചത്. എല്ലാവരും അസം സ്വദേശികളാണ്. സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഉന്നതോദ്യോഗസ്ഥരും തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ. രാധാകൃഷ്ണനും ആശുപത്രി സന്ദര്‍ശിച്ചു.