16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്; ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന് ആഭ്യന്തര മന്ത്രാലയത്തിന‍്‍റെ ഉറപ്പ്
ദില്ലി: ലഡാക്കിന് സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ലഡാക്കിന് വേണ്ടി മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് 16 ദിവസം നീണ്ടുനിന്ന നിരാഹാരം വാങ്ചുക് അവസാനിപ്പിച്ചത്.
ദില്ലിയിലെ ലഡാക്ക് ഭവനിനു മുന്നിലാണ് സോനം വാങ്ചുക് സമരമിരുന്നത്. തന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്നായിരുന്നു പ്രഖ്യാപനം. നേരത്തെ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം നടത്താനായിരുന്നു തീരുമാനം. എന്നാൽ അനുമതി നിഷേധിച്ചതോടെ സമര വേദിയായി ലഡാക്ക് ഭവന്‍ മാറി.
സമരം തുടങ്ങിയതിന് പിന്നാലെ പിന്തുണയറിയിച്ച് നിരവധി പേര്‍ ലഡാക്ക് ഭവനിലെത്തി. സമരത്തിന് പിന്തുണ വർദ്ധിച്ചതോടെ പോലീസ് നടപടി സ്വീകരിച്ചു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ സമരക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്തു മാറ്റി.
ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് വാങ്ചുകുമായി ചര്‍ച്ച നടത്തിയത്. സമരം കൂടുതല്‍ ശക്തമായതോടെയാണ് പിന്നാലെയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന‍്‍റെ ഇടപെടല്‍. ഉന്നയിച്ച ആവശ്യങ്ങളില്‍ ഡിസംബര്‍ 3ന് ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയാണെന്ന് സോനം വാങ്ചുക് അറിയിച്ചു.