'വിമാനത്താവളത്തിൽ വെച്ച് നഗ്നനാക്കി പരിശോധിച്ചു, ഭയാനകമായ അനുഭവമായിരുന്നു'; ഏറ്റവും വംശീയ വിദ്വേഷമുള്ള രാജ്യം ഇതാണെന്ന് ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ; മോശം നാട്ടുകാരുള്ള മനോഹരമായ രാജ്യമെന്ന് വീഡിയോയ്ക്ക് കമന്റ്
ടിബിലീസി: സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള ഇന്ത്യൻ സഞ്ചാരിയും കണ്ടന്റ് ക്രിയേറ്ററുമാണ് എക്സ്പ്ലോറർ രാജ. നൂറ്റിയിരുപതിലധികം രാജ്യങ്ങൾ സന്ദർശിച്ച രാജ താൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വംശീയ വിദ്വേഷമുള്ള രാജ്യം ജോർജിയ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ജോർജിയൻ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ അധികൃതർ തന്നെ നഗ്നനാക്കി പരിശോധിക്കുകയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം ആരോപിച്ചു.
2019-ൽ ആദ്യമായി ജോർജിയ സന്ദർശിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് രാജ പറയുന്നു. വിസയും മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റും ഉൾപ്പെടെ എല്ലാ യാത്രാരേഖകളും കൈവശമുണ്ടായിട്ടും, ഒരു കാരണവും വ്യക്തമാക്കാതെ അധികൃതർ തന്നെ നാല് മണിക്കൂർ തടഞ്ഞുവെച്ചു. തുടർന്ന് വിമാനത്താവളത്തിൽ വെച്ച് നഗ്നനാക്കി പരിശോധന നടത്തുകയും ചെയ്തു.
ആറ് വർഷങ്ങൾക്ക് ശേഷം അടുത്തിടെ വീണ്ടും ജോർജിയയിൽ എത്തിയപ്പോഴും സമാനമായ രീതിയിലുള്ള വിവേചനപരമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥർ തന്നോട് സംശയത്തോടെയും അനാദരവോടെയുമാണ് പെരുമാറിയത്. ഒരു ഇന്ത്യക്കാരന് വിനോദസഞ്ചാരിയാകാൻ കഴിയില്ലെന്ന മനോഭാവത്തോടെയാണ് അവർ സംസാരിച്ചതെന്നും തന്റെ ഇരുണ്ട നിറമാണ് ഇത്തരമൊരു പെരുമാറ്റത്തിന് കാരണമെന്നും രാജ ആരോപിക്കുന്നു. '120 രാജ്യങ്ങൾ സന്ദർശിച്ചു, അതിൽ എന്നെ വിഷമിപ്പിച്ച കുറച്ച് രാജ്യങ്ങളേയുള്ളൂ, ഇത് അതിലൊന്നാണ്,' അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
എക്സ്പ്ലോറർ രാജയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി. പലരും തങ്ങൾക്കുണ്ടായ സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രാജയെ പിന്തുണച്ചു. ജോർജിയയെ 'മോശം നാട്ടുകാരുള്ള മനോഹരമായ രാജ്യം' എന്ന് ചിലർ വിശേഷിപ്പിച്ചു. എന്നാൽ, മറ്റുചില സഞ്ചാരികൾ തങ്ങൾക്ക് ജോർജിയയിൽ നിന്ന് നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നും സൗഹൃദപരമായി പെരുമാറുന്ന ആളുകളെയാണ് കണ്ടതെന്നും വ്യക്തമാക്കി.