വീട്ടിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനം; മൂന്ന് പേർ മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്; സംഭവം പശ്ചിമബംഗാളിലെ മുർഷിദാബാദിൽ
മുർഷിദാബാദ്: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ശക്തമായ സ്‌ഫോടനമായിരുന്നതിനാൽ വീടിൻ്റെ മേൽക്കൂര തകരുകയും അവശിഷ്ടങ്ങൾ പ്രദേശത്താകെ ചിതറുകയുമായിരുന്നു.
മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ചത്. വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീട് സ്ഫോടനത്തിൽ തകർന്നത് കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്. വീടിന്‍റെ മേൽക്കൂരയും ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണ്.
സംഭവസ്ഥലത്ത് നിന്ന് കൂടുതൽ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്‌ഫോടകവസ്തുക്കൾ നിർമ്മിച്ചതും സൂക്ഷിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികെയാണ്. സമാനമായ സംഭവത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിൽ ബോംബ് സ്ഫോടനച്ചിൽ മൂന്ന് വീടുകൾ തകർന്നിരുന്നു. അന്ന് നാല് പേർ മരിക്കുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.