കാർ ഓട്ടോയിൽ ഒന്ന് തട്ടിയതിനെ ചൊല്ലി തർക്കം; ഓട്ടോറിക്ഷ ഡ്രൈവർ അതിക്രൂരമായി മർദിച്ചു; മർദനത്തെ തുടർന്ന് മുൻ ഗോവ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-02-15 15:00 GMT
ബെംഗളൂരു: മുൻ ഗോവ എംഎൽഎ ഓട്ടോ ഡ്രൈവറുടെ മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ് ദാരുണാന്ത്യം. കർണാടകയിലെ ബെലഗാവിയിൽ ഇന്ന് ഉച്ചയോടെ ആണ് സംഭവം നടന്നത്. പോണ്ട എംഎൽഎ ആയിരുന്ന ലാവൂ സൂര്യജി മാംലേദാർ ആണ് മരിച്ചത്.
ഖാടെ ബസാറിൽ ഇന്ന് ലാവൂ മാംലേദാർ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലേക്ക് കയറുന്ന ഇടവഴിയിൽ വച്ച് ലാവൂവിന്റെ കാർ ഒരു ഓട്ടോയിൽ തട്ടി. തുടർന്ന് ഓട്ടോക്കാരനും മുൻ എംഎൽഎയും തമ്മിൽ തർക്കവും വാക്കേറ്റവുമായി.
നഷ്ടപരിഹാരം ചോദിച്ചപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞതോടെ ലാവൂവിനെ ഓട്ടോക്കാരൻ മർദിച്ചു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ശേഷം ഹോട്ടലിൽ എത്തിയ ലാവൂ ഒന്നാം നിലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.