നിര്‍മാണത്തിനായി ഏല്‍പ്പിച്ച ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി ജീവനക്കാര്‍ മുങ്ങി; പോലീസില്‍ പരാതി നല്‍കി അധികൃതര്‍
നിര്‍മാണത്തിനായി ഏല്‍പ്പിച്ച ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി ജീവനക്കാര്‍ മുങ്ങി
മുംബൈ: മുംബൈയിലെ സാവേരി ബസാറില്‍ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി നല്‍കിയ ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി ജോലിക്കാര്‍ കടന്നുകളഞ്ഞതായി പരാതി. ഇതു സംബന്ധിച്ച് വരുണ്‍ ജന, ശ്രീകാന്ത് എന്നീ പ്രതികള്‍ക്കെതിരെ എല്‍.ടി മാര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സാവേരി ബസാറില്‍ സ്വര്‍ണാഭരണ ബിസിനസ് നടത്തുന്ന നിലേഷ് ജെയിനാണ് പരാതിനല്‍കിയത്. ആരോപണ വിധേയരായ ജോലിക്കാരെ നിലേഷ് ജെയിന് ദീര്‍ഘനാളത്തെ പരിചയമുണ്ട്. ആഭരണ നിര്‍മാണവും അറ്റകുറ്റപ്പണികളും അവരെ സ്ഥിരമായി ഏല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ വര്‍ഷം ജനുവരി ഒന്നിനും 19നും ഇടയില്‍ 1,536 ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വര്‍ണം ആഭരണ നിര്‍മാണത്തിനായി ഇരുവര്‍ക്കും കൈമാറി. എന്നാല്‍ പണി പൂര്‍ത്തിയാക്കാതെയും സ്വര്‍ണം തിരികെ നല്‍കാതെയും ഇരുവരും അപ്രത്യക്ഷരായത്.
ജെയിന്‍ പലതവണ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോളുകള്‍ക്ക് മറുപടി ലഭിക്കാതായതോടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി എല്‍.ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ രണ്ട് സംഘങ്ങളെ മുംബൈക്ക് പുറത്തേക്ക് അയച്ചിട്ടുണ്ട്. രണ്ട് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മോഷ്ടിച്ച ആഭരണങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.