ആരോഗ്യ -ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി ഭാരം തല്ക്കാലം തുടരും; ജി എസ് ടി നിരക്കുകള്‍ ഉടന്‍ കുറയ്ക്കില്ല; തീരുമാനം മാറ്റി വച്ച് ജി എസ് ടി കൗണ്‍സില്‍; ഭക്ഷണ വിതരണ കമ്പനികളുടെ ഡെലിവറി ചാര്‍ജിനുള്ള ജിഎസ്ടിയിലും തീരുമാനം മാറ്റി
ആരോഗ്യ -ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നികുതി ഭാരം തല്ക്കാലം തുടരും
ന്യൂഡല്‍ഹി: ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ കുറയ്ക്കുന്നതില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം മാറ്റി വച്ചു. ചില സാങ്കേതിക കാര്യങ്ങളില്‍ ധാരണയാകാന്‍ ഉള്ളതിനാലാണ് തീരുമാനം മാറ്റിയത്. ഭക്ഷണ വിതരണത്തിന്റെ ജി എസ് ടി നിരക്ക് കുറയ്ക്കുന്നതിലും തീരുമാനം മാറ്റി.
ലൈഫ്-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വ്യവസായ ലോകം ദീര്‍ഘനാളായി ആവശ്യപ്പെട്ട് വരികയാണ്. ജി എസ് ടി നിരക്ക് കുറച്ചാല്‍ ഇന്‍ഷുറര്‍മാരുടെയും പോളിസി ഉടമകളുടെയും നികുതി ഭാരം കുറയ്ക്കാനാകും. കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നിര്‍ദ്ദേശം വീണ്ടും കൗണ്‍സിലില്‍ കൊണ്ടുവരുന്നതിന് മുമ്പ് ജനുവരിയില്‍ മറ്റൊരു യോഗം ചേരും.
ജയ്സാല്‍മറിലാണ് ജി എസ് ടി കൗണ്‍സിലിന്റെ 55 ാമത് യോഗം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നത്.
ജിഎസ്ടി നിരക്ക് കുറയ്ക്കുമ്പോള്‍ വരുമാന നഷ്ടത്തെക്കുറിച്ച് ചില സംസ്ഥാനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ യോഗത്തില്‍ സമവായം ഉണ്ടായില്ല. മുതിര്‍ന്ന പൗരന്മാര് അടയ്ക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നികുതിയില്‍ നിന്നും ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. മുതിര്‍ന്ന പൗരന്മാര് ഒഴികെയുള്ളവര്‍ അടയ്ക്കുന്ന 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയവും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി അടക്കം മിക്ക പാനല്‍ അംഗങ്ങളും ആരോഗ്യ-ലൈഫ് ഇന്‍ഷുറസ് പ്രീമിയം ജിഎസ്ടി നിരക്കില്‍ പൂര്‍ണ ഇളവിനായി വാദിച്ചപ്പോള്‍, ഏതാനും അംഗങ്ങള്‍ നിലവിലെ 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.
അഞ്ച ലക്ഷം വരെ കവറേജുള്ള പോളിസികള്‍ക്ക് ഇളവ് നല്കുന്ന കാര്യമാണ് ആലോചിച്ചത്. എന്നാല്‍, അഞ്ചുലക്ഷത്തിന് മുകളില്‍ കവറേജുള്ള പോളിസികളില്‍ 18 ശതമാനം ജി എസ്ടി നിരക്ക് തന്നെ തുടര്‍ന്നേക്കും.
ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള് ഇപ്പോള്‍ വിതരണ ചാര്‍ജുകളില്‍ ജി എസ് ടി നല്‍കുന്നില്ല. 5 ശതമാനം ജിഎസ്ടി ഡെലിവറി ചാര്‍ജില്‍ 2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈടാക്കണമോ എന്നതായിരുന്നു യോഗത്തിന്റെ അജണ്ട. ഇക്കാര്യത്തിലും തീരുമാനം മാറ്റി വച്ചെന്നാണ് സൂചന.