ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പതിവിലും ചൂട് കൂടും; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Update: 2025-04-01 05:45 GMT

ന്യൂഡൽഹി: ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് ഇന്ത്യയിൽ സാധാരണയേക്കാൾ കൂടുതലുള്ള ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ, കിഴക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് താപനില കാര്യമായ ഉയർച്ച അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മോഹാപാത്ര അറിയിച്ചു.

ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ ആറോളം അതികഠിന താപതരംഗ ദിനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദില്ലിയിലും വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത് രണ്ട് മുതൽ നാലു ദിവസത്തേക്ക് നീളാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഏപ്രിൽ-ജൂൺ മാസങ്ങളിൽ 10 മുതൽ 12 വരെ താപതരംഗ ദിനങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.

സാധാരണയായി, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഇന്ത്യയിൽ നാല് മുതൽ ഏഴ് വരെ താപതരംഗ സാധ്യതയുള്ള ദിനങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിലും ഇത്തവണ താപനില കൂടുതൽ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ ചിലയിടങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

Tags:    

Similar News