പുഷ്പ 2 സ്‌ക്രീനിങ്ങിനിടെ യുവതി മരിച്ച സംഭവം; തെലങ്കാന സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് മനുഷ്യാവകാശ കമീഷന്‍
തെലങ്കാന സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് മനുഷ്യാവകാശ കമീഷന്‍
ഹൈദരാബാദ്: പുഷ്പ 2ന്റെ സ്‌ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ അതൃപ്തി രേഖപ്പെടുത്തി. തെലങ്കാന ചീഫ് സെക്രട്ടറിക്കും ഹൈദരാബാദ് പൊലീസ് കമീഷണര്‍ക്കും കമീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മരിച്ച സ്ത്രീയുടെ അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
വലിയൊരു ജനക്കൂട്ടം ഒത്തുകൂടിയിട്ടും മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എച്ച്ആര്‍സി അതൃപ്തി പ്രകടിപ്പിച്ചത്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന്‍ പൊലീസ് കമീഷണറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അല്ലു അര്‍ജുന്‍ തിയേറ്ററില്‍ പ്രവേശിച്ചപ്പോള്‍ പൊലീസ് നടത്തിയ ലാത്തി ചാര്‍ജും ആവശ്യമായ ക്രമീകരണങ്ങളുടെ അഭാവവുമാണ് ഒരു സ്ത്രീയുടെ മരണത്തിനും അവരുടെ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായതെന്ന് ആരോപിച്ച് അഭിഭാഷകന്‍ രാമറാവു ഇമ്മനേനി സമര്‍പ്പിച്ച പരാതി പരിഗണിക്കുന്നതിനിടെയാണ് കമീഷന്റെ നടപടി.
2024 ഡിസംബര്‍ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.