യുപി യിൽ നൂറിലേറെ കുരങ്ങുകൾ വിഷവാതകം ശ്വസിച്ച് ചത്തതായി റിപ്പോർട്ടുകൾ; വിനയായത് ഫുഡ് ഗോഡൗണിൽ തളിച്ച കീടനാശിനി; കേസെടുത്ത് പോലീസ്
ഹാത്രസ്: ഉത്തർപ്രദേശിൽ ഫുഡ് ഗോഡൗണിൽ തളിച്ച കീടനാശിനി ശ്വസിച്ച് നൂറിലധികം കുരങ്ങുകൾ ചത്തതായി റിപ്പോർട്ടുകൾ. ജഡം രഹസ്യമായി ഒരു വലിയ കുഴിയിൽ കുഴിച്ചിട്ടതായും പോലീസ് വ്യക്തമാക്കി. കുഴിച്ചിട്ട ജഡം മൃഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബുധനാഴ്ചയാണ് കുരങ്ങുകളുടെ കൂട്ട മരണ വിവരം പോലീസ് അറിഞ്ഞതെന്ന് സർക്കിൾ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നാരായൺ പറഞ്ഞു. ഗോതമ്പ് ചാക്കുകളെ പ്രാണികളിൽ നിന്നും എലികളിൽ നിന്നും സംരക്ഷിക്കുന്നതിനായി നവംബർ 7 നാണ് എഫ്‌സിഐ ഗോഡൗണിൽ കീടനാശിനി തളിച്ചത്.
ഗോഡൗണിന്‍റെ തകർന്ന ജനൽ വഴി നവംബർ ഏഴിന് രാത്രി ഗോഡൗണിനുള്ളിൽ പ്രവേശിച്ച കുരങ്ങൻമാരുടെ സംഘം ഈ വാതകം ശ്വസിച്ചു. നവംബർ ഒമ്പതിന് തൊഴിലാളികൾ ഗോഡൗൺ തുറന്നപ്പോൾ നിരവധി കുരങ്ങുകൾ ചത്തുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ജീവനക്കാർ ആരുമറിയാതെ കുഴിയെടുത്ത് മറവ് ചെയ്തു എന്നും പോലീസ് പറഞ്ഞു.