ഷിംലയിൽ അനധികൃതമായി മസ്ജിദ് നിർമാണം; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; പൊലീസ് ലാത്തി വീശി
ഷിംലയിലെ ധല്ലി പ്രദേശത്ത് അനധികൃതമായി മസ്ജിദ് നിർമ്മിച്ചുവെന്നാരോപിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. നിരവധി സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ സഞ്ജൗലി പ്രദേശത്ത് സംഘടിക്കുകയായിരുന്നു. ഇതോടെ സംഘർഷം രൂക്ഷമായി. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. കൈകളിൽ ത്രിവർണ പതാകകളുമായി എത്തിയ പ്രതിഷേധക്കാർ "ഹിമാചൽ നേ താനാ ഹേ, ദേവഭൂമി കോ ബചനാ ഹേ", "ഭാരത് മാതാ കീ ജയ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. സഞ്ജൗലി പള്ളിയുടെ അനധികൃത നിർമാണം ആരോപിച്ചാണ് ഹിന്ദു സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു. എന്നാൽ പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്ന പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശി. പ്രതിഷേധ മാർച്ചിന് മുമ്പ് ഷിംലയിലെ ധല്ലി തുരങ്കത്തിൽ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാനും പ്രകടനത്തിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും പോലീസ് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വാഹനങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു.
പൊലീസ് ഇടപെട്ടിട്ടും അനധികൃതമായി നിർമ്മിച്ചിട്ടുള്ള മസ്ജിദ് പൊളിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ സംഭവ സ്ഥലത്ത് തമ്പടിച്ചു. ഇക്കാര്യം പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും സമരക്കാർ ആരോപിച്ചു. പ്രതിഷേധം മതവുമായോ പുണ്യ ആരാധനാലയമോ ആയി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിനെതിരെയുള്ളതാണെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു.
ഇത് ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇത് ക്രമസമാധാന പ്രശ്‌നമാണെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി നരേഷ് ചൗഹാൻ്റെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു .
2010-ൽ ഒരു വ്യാപാര സ്ഥാപനമുണ്ടായിരുന്നിടത്ത് മസ്ജിദ് നിർമാണം തുടങ്ങിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പലതവണ നോട്ടീസ് നൽകിയിട്ടും ഫലമുണ്ടായില്ല. മസ്ജിദ് 6750 ചതുരശ്ര അടിയായി വികസിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. പള്ളിയിരിക്കുന്ന ഭൂമി ഹിമാചൽ പ്രദേശ് സർക്കാരിന് അവകാശപ്പെട്ടതാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ 1947-ന് മുമ്പുള്ള പഴയ കെട്ടിടമാണിതെന്നും വഖഫ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും പള്ളിയുടെ ഇമാം അവകാശപ്പെടുന്നു.
അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് 2010 മുതൽ 45 ഹിയറിംഗുകൾ നടന്നു. സെപ്തംബർ ഏഴിന് ഇത്റഗുമായി സംബന്ധിച്ച് മുനിസിപ്പൽ കമ്മീഷണറുടെ ഓഫീസിൽ ഹിയറിങ് നടന്നിരുന്നു. പല തവണ വിഷയത്തെ പറ്റി ചർച്ച നടന്നെങ്കിലും അന്തിമമായ തീരുമാനം ഉണ്ടായിരുന്നില്ല. ഇക്കാലയളവിൽ ഇരുനില കെട്ടിടമായിരുന്ന മസ്ജിദ് അഞ്ച് നിലകളുള്ള കെട്ടിടമായി മാറിയിരുന്നു.
ഈ മാസം ആദ്യം ഹിമാചൽ റൂറൽ മന്ത്രി അനിരുദ്ധ് സിംഗ് നിയമസഭയിൽ ഇതേ വിഷയം ഉന്നയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാർ സംസ്ഥാനതേക്ക് ഒഴുകിയെത്തുകയാണെന്നും ബംഗ്ലാദേശിൽ നിന്നും റോഹിങ്ക്യകളിൽ നിന്നുമുള്ള ആളുകൾ ദിവസവും വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള മസ്ജിദ് എന്തുകൊണ്ട് പൊളിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ആദ്യം ഒരു നിലയായി പണിത പള്ളിയിന്ന് അഞ്ച് നിലയായെന്നും നിയമവിരുദ്ധമായി അനുമതിയില്ലാതെ നിർമിച്ച മസ്ജിദിനെ പറ്റി അന്വേഷണം വരണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. "അവർക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ശീലമുണ്ട്. അവർ 5 നിലകളുള്ള ഒരു പള്ളി നിർമ്മിച്ചു. ഈ മുഴുവൻ കാര്യവും അന്വേഷിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു .
1960 മുതൽ പള്ളിയുണ്ടെന്ന ആരോപണവും മന്ത്രി തള്ളി. 2010 ലാണ് പള്ളിയിടെ നിർമാണം തുടങ്ങിയതെന്നും ഇത് തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും തൻ്റെ പക്കലുണ്ടെന്നും ആവശ്യമുള്ളപ്പോൾ ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.