ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തി; ഇന്ത്യന്‍ യുവതി കസ്റ്റഡിയില്‍

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തി

Update: 2025-05-17 08:21 GMT

ശ്രീനഗര്‍: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെത്തിയ യുവതി കസ്റ്റഡിയില്‍. കാര്‍ഗില്‍ ജില്ലയിലെ അവസാന ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ പാകിസ്താനിലേക്ക് എത്തിയത്. ഇന്ത്യന്‍ സെക്യൂരിറ്റി ഏജന്‍സികളുടേയും ഇന്റലിജന്‍സ് ഏജന്‍സികളുടേയും കണ്ണുവെട്ടിച്ചാണ് ഇവര്‍ പലായനം ചെയ്തത്.

നോര്‍ത്ത് നാഗ്പൂര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന സുനിതയാണ് അനധികൃതമായി അതിര്‍ത്തികടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മുമ്പ് രണ്ട് തവണ അട്ടാരി വഴി ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

നിലവില്‍ പാകിസ്താന്‍ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സുനിതയുള്ളതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്. അതേസമയം, ഇക്കാര്യത്തില്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്ത് വന്നിട്ടില്ല.

മെയ് 14ാം തീയതി 15കാരനായ മകനെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ചാണ് സുനിത നിയന്ത്രണരേഖക്ക് സമീപത്തേക്ക് എത്തിയത്. സുനിത തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ലഡാക് പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സുനിതയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. അതേസമയം, സുനിതക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലുമാണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

Tags:    

Similar News