ജമ്മുവിൽ രണ്ട് നാട്ടുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ; പ്രദേശത്ത് വ്യാപക തിരച്ചിൽ; പുറത്തിറങ്ങാൻ ഭയന്ന് വിറച്ച് ജനങ്ങൾ; അതീവ ജാഗ്രത..!
ഡൽഹി: ജമ്മുകശ്മീരിൽ ഇപ്പോൾ ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് ജമ്മുവിലെ കിഷ്ത്വറിൽ രണ്ട് നാട്ടുകാരെയാണ് ഭീകരർ ഉന്നം വച്ച് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത്. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്.
ഭീകര പ്രവർത്തനങ്ങൾ തടയാൻ സൈന്യവും പൊലീസും സംയുക്തമായി രൂപീകരിച്ച വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
നാസിർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഭീകരർ പുറത്തുവിട്ടിരുന്നു. ഭീകരർ ഉപേക്ഷിച്ച ഇവരുടെ മൃതദേഹങ്ങൾ സുരക്ഷസേന കണ്ടെത്തിയെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
കന്നുകാലികളെ മേയ്ക്കാൻ പോയപ്പോൾ ആണ് സംഭവം നടന്നത്. ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ജയ്ഷേ ഭീകര സംഘടനയുടെ ഭാഗമായുള്ള കശ്മീർ ടൈഗേഴ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കിഷ്ത്വറിൽ ബന്ദ് ആചരിച്ചു. അതേസമയം, സോപോര ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിക്കുകയും ചെയ്തു.