പഹല്‍ഗാം ഭീകരരെ ഇനിയും പിടികൂടിയിട്ടില്ലെന്ന് പ്രധാനമന്ത്രിക്കറിയാം; മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മുമ്പ് ജയറാം രമേശിന്റെ ഓര്‍മപ്പെടുത്തല്‍
പഹല്‍ഗാം ഭീകരരെ ഇനിയും പിടികൂടിയിട്ടില്ലെന്ന് പ്രധാനമന്ത്രിക്കറിയാം
ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ ഇപ്പോഴും പിടികൂടിനായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തന് ഒരു ദിവസം മുമ്പ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ഓര്‍മപ്പെടുത്തല്‍.
'പ്രധാനമന്ത്രി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദികളായ തീവ്രവാദികളെ ഇപ്പോഴും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്ന് തീര്‍ച്ചയായും അദ്ദേഹത്തിന് അറിയാം. നിഷേധിക്കപ്പെടാത്ത ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ഡിസംബറില്‍ പൂഞ്ചിലും 2024 ഒക്ടോബറില്‍ ഗഗാംഗീറിലും ഗുല്‍മാര്‍ഗിലും നടന്ന ഭീകരാക്രമണങ്ങളിലും ഈ തീവ്രവാദികള്‍ ഉള്‍പ്പെട്ടിരുന്നു'- രമേശ് തന്റെ 'എക്‌സ്' ഹാന്‍ഡില്‍ എഴുതി.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കത്രയില്‍ 46,000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും. ബാരാമുള്ള -ഉധംപൂര്‍ റെയില്‍ ലിങ്കിന്റെയും ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ കമാന പാലമായ ചെനാബ് പാലത്തിന്റെയും ഉദ്ഘാടനം ഇതില്‍പെടുന്നു.