'ആരാണ്...എന്താണ്..!!'; രാത്രി നടക്കാനിറങ്ങിയ യുവാവ്; ഒരു വളവ് കഴിഞ്ഞതും നെഞ്ചിടിപ്പ് കൂട്ടി ഒരു കണ്ടുമുട്ടൽ; നിമിഷ നേരം കൊണ്ട് രണ്ടുപേരും ചിതറിയോടി; ചിരിപ്പടർത്തി വീഡിയോ

Update: 2025-08-12 10:50 GMT

ജുനാഗഡ്: ഗുജറാത്തിൽ രാത്രി നടക്കാനിറങ്ങിയ യുവാവ് സിംഹത്തിന് മുന്നിൽ അകപ്പെട്ടു. അപ്രതീക്ഷിതമായി നേർക്കുനേർ വന്നതോടെ ഭയന്നുപോയ ഇരുവരും രണ്ട് ദിശയിലേക്ക് ഓടി രക്ഷപ്പെട്ടു. തലനാരിഴയ്ക്ക് ദുരന്തം ഒഴിവായ ഈ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ജുനാഗഡിലെ ഒരു സിമൻ്റ് ഫാക്ടറിക്ക് സമീപമാണ് സംഭവം. ജോലി കഴിഞ്ഞ് പുറത്തേക്ക് നടക്കുകയായിരുന്ന യുവാവ് ഒരു വളവ് തിരിഞ്ഞതും എതിർദിശയിൽ നിന്ന് സിംഹം വരുന്നതും ഒരേ സമയത്തായിരുന്നു. മനുഷ്യനെ മുന്നിൽ കണ്ട സിംഹവും, സിംഹത്തെ കണ്ട യുവാവും ഒരുപോലെ ഞെട്ടി പിന്തിരിഞ്ഞോടുകയായിരുന്നു.

ഇരുവരും നേർക്കുനേർ വരുന്നതിന് തൊട്ടുമുൻപ് അവർക്കിടയിൽ ഒരു സുരക്ഷാ ജീവനക്കാരൻ്റെ മുറി ഉൾപ്പെടുന്ന കെട്ടിടം മറയായി ഉണ്ടായിരുന്നു. അതിനാൽ സിംഹത്തിന് യുവാവിനെ ദൂരെ നിന്ന് കാണാൻ സാധിച്ചില്ല. ഇതാണ് വലിയൊരു അപകടം ഒഴിവാകാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. സമീപത്ത് നായകൾ നിർത്താതെ കുരയ്ക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാമെങ്കിലും യുവാവ് അത് കാര്യമാക്കുന്നതായി കാണുന്നില്ല.

വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവായ ഒരു മേഖലയിലാണ് സംഭവം നടന്നത്. പുള്ളിപ്പുലികളുടെ സാന്നിധ്യവും ഇവിടെ പതിവായി റിപ്പോർട്ട് ചെയ്യാറുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ രാത്രിയിലുള്ള അലസമായ നടത്തം ഒഴിവാക്കണമെന്നും, നായകൾ കുരയ്ക്കുന്നത് ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

Tags:    

Similar News