ആഡംബര കാര്‍ ഇറക്കുമതിയില്‍ 100 കോടിയുടെ നികുതി വെട്ടിപ്പ്; കാറിന്റെ വില കുറച്ചു കാണിക്കാന്‍ വ്യാജരേഖകള്‍ ഉണ്ടാക്കി: ഹൈദരാബാദിലെ വ്യാപാരി അറസ്റ്റില്‍

ആഡംബര കാർ ഇറക്കുമതിയിൽ 100 കോടിയുടെ വെട്ടിപ്പ്; വ്യാപാരി അറസ്റ്റിൽ

Update: 2025-05-16 11:11 GMT

ന്യൂഡല്‍ഹി: അത്യാഡംബര കാറുകള്‍ ഇറക്കുമതി നടത്തി നൂറ് കോടിയുടെ കസ്റ്റംസ് നികുതി വെട്ടിപ്പ് നടത്തിയ കാര്‍ ഷോറൂം വ്യാപാരി അറസ്റ്റില്‍. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില പകുതിയോളം കുറച്ചു കാണിച്ച് വന്‍വെട്ടിപ്പ് നടത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള കാര്‍ വ്യാപാരി ബഷാറത് ഖാനെ ഗുജറാത്തില്‍ വെച്ചാണ് പിടികൂടിയത്.

കാറിന്റെ വില കുറച്ചു കാണിക്കാന്‍ ഇയാള്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയതായി ഡി.ആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ്) വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇയാള്‍ വില കൂടിയ കാറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. കാറുകള്‍ ദുബായ്, ശ്രീലങ്ക വഴിയാണ് എത്തിച്ചിരുന്നത്. ഇവിടെവെച്ച് ലെഫ്റ്റ് ഹാന്റ് ഡ്രൈവിങ് സിസ്റ്റം മാറ്റി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വലതുവശത്തേക്കു മാറ്റിയിരുന്നു.

ദുബായിയില്‍നിന്നും ശ്രീലങ്കയില്‍നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴാണ് ഇയാള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരുന്നത്. ഹമ്മര്‍ ഇവി, കാഡിലാക് എസ്‌കലേഡ്, റോള്‍സ് റോയ്സ്, ലെക്സസ്, ലിങ്കണ്‍ നാവിഗേറ്റര്‍ തുടങ്ങിയ മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് ഇതുവരെ ഇറക്കുതി ചെയ്തിട്ടുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ വില്‍പ്പനയ്ക്കായി ഇയാള്‍ ഏജന്റുമാരേയും നിയമിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Tags:    

Similar News