ഹിന്ദി 25 ഉത്തരേന്ത്യന്‍ പ്രാദേശിക ഭാഷകളെ തകര്‍ത്തു; കേന്ദ്രീയ വിദ്യാലയങ്ങളില്‍ തമിഴ് ഭാഷ അധ്യാപകരില്ല: എം കെ സ്റ്റാലിന്‍

ഹിന്ദി 25 ഉത്തരേന്ത്യന്‍ പ്രാദേശിക ഭാഷകളെ തകര്‍ത്തു

Update: 2025-02-27 08:11 GMT

ചെന്നൈ: ഹിന്ദി ഭാഷാ വിമര്‍ശനം കടുപ്പിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി 25 ഉത്തരേന്ത്യന്‍ പ്രാദേശിക ഭാഷകളെ തകര്‍ത്തുവെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. ഹിന്ദി നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് 100 പ്രാദേശിക ഭാഷകള്‍ തകര്‍ന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. യു.പി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളാണ് തകര്‍ന്നത്.

യു.പി, ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല. ഹിന്ദി അടിച്ചേല്‍പ്പിച്ചത് മൂലം ഇവിടത്തെ ഒരുപാട് പ്രാദേശിക ഭാഷകള്‍ തകര്‍ന്നു. ഭോജ്പൂരി, മൈതിലി, അവാധി, ബ്രാജ്, ബുന്‍ദേയി, ഗാര്‍വാലി, കുമനോയ് തുടങ്ങിയ നിരവധി ഉത്തരേന്ത്യന്‍ ഭാഷകള്‍ ഹിന്ദിയുടെ കടന്നുകയറ്റത്തോടെ തകര്‍ന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം മിക്ക സംസ്ഥാനങ്ങളും സംസ്‌കൃതത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ആന്‍ഡമാനില്‍ ഒഴികെ മറ്റൊരിടത്തും തമിഴ് പഠിപ്പിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ തമിഴ് ഭാഷ അധ്യാപകരില്ല. സ്‌കൂളില്‍ കുറഞ്ഞത് 15 വിദ്യാര്‍ഥികളെങ്കിലും തമിഴ് തെരഞ്ഞെടുത്താല്‍ മാത്രമേ അധ്യാപകരെ നിയമിക്കുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഡി.എം.കെയുടെ ഹിന്ദി വിമര്‍ശനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2026ലെ തെരഞ്ഞെടുപ്പിന് മുമ്പ് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതിനായി തമിഴ് രാഷ്ട്രീയനേതാക്കള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം.

Tags:    

Similar News