മുംബൈയിൽ പന്ത് തട്ടി ലയണൽ മെസി; ആരാധകർ നിറഞ്ഞൊഴുകി വാങ്കഡെ സ്റ്റേഡിയം; ഫുട്ബോൾ ഇതിഹാസത്തെ വരവേറ്റ് കായിക-സിനിമ മേഖലകളിലെ പ്രമുഖർ; 'വിഐപി'കൾക്ക് ഗ്രൗണ്ടിൽ പ്രവേശനമില്ല
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാഴ്ത്തി ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, ഫുട്ബോൾ താരം സുനിൽ ഛേത്രി, പ്രമുഖ ബോളിവുഡ് താരങ്ങൾ എന്നിവരും മെസിയെ വരവേൽക്കാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു. കൊല്‍ക്കത്തയിലെ സംഘർശഷങ്ങളെ തുടർന്ന് മെസ്സിക്കൊപ്പം വിഐപികൾ ആരും ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ മാത്രം താരത്തെ പിന്തുടർന്നു.
സ്റ്റേഡിയം വലംവെച്ച് ആരാധകരെ അഭിവാദ്യം ചെയ്ത മെസി കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസിക്കൊപ്പമുണ്ടായിരുന്നു. ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലെത്തിയ മെസ്സി, ഗാലറിയിലെ ആരാധകർക്ക് പന്തുകൾ അടിച്ചുനൽകി. തുടർന്ന് വനിതാ ഫുട്ബോൾ താരങ്ങൾക്കൊപ്പം കുറച്ചു സമയം പന്തുകൾ പാസ് ചെയ്തു. ഈ സമയമത്രയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഗാലറിയിലെ ലോഞ്ചിൽ ഇരിക്കുകയായിരുന്നു.
സ്റ്റേഡിയത്തിലെ ചടങ്ങുകൾക്ക് ശേഷം, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഫാഷൻ ഷോയിലും മെസി പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഈ ചടങ്ങിലേക്ക് പ്രവേശനം. നാളെ ഡൽഹിയിലെത്തുന്ന ലയണൽ മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. മുംബൈയിലെത്തിയ മെസ്സി ആദ്യം പോയത് ‘ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ’യിലേക്കാണ്. ബോളിവുഡ് താരങ്ങളും വിഐപികളും ഇവിടെ മെസ്സിക്കൊപ്പം ചിത്രങ്ങളെടുത്തു. മെസ്സിയുടെ വരവിനു മുൻപ് വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധകർക്കു വേണ്ടി പ്രദർശന മത്സരവും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും പ്രദർശന മത്സരത്തിൽ പന്തു തട്ടി.