ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി കറക്കിയെടുത്തു; പിന്നാലെ പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ!
വാരണാസി: യുപി യിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് ഏഴ് ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെയാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയായിരുന്നു ക്രൂരത. സംഭവത്തില്‍ 23 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 6 പേരെ അറസ്റ്റ് ചെയ്തു. പതിനൊന്ന് പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സുഹൃത്തിനൊപ്പം വാരണാസിയിലെ പിശാച് മോചന്‍ എന്ന സ്ഥലത്തെ ബാറില്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്ന് പ്രതികള്‍ കുട്ടിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തുകയും വിവിധ ഹോട്ടലുകളിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതികളില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുന്‍ സുഹൃത്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.