മദ്യാപാനത്തിനിടെ തർക്കം; ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; 35കാരൻ അറസ്റ്റിൽ

Update: 2025-11-23 04:00 GMT

ന്യൂഡൽഹി: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളിയ കേസിൽ 35 വയസ്സുള്ള യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അനീസ് പാൽ (35) ആണ് അറസ്റ്റിലായത്. യോഗേന്ദർ (26) ആണ് കൊല്ലപ്പെട്ടത്. ഔട്ടർ നോർത്ത് ഡൽഹിയിലെ നാഥുപുര സ്വദേശിയായ യോഗേന്ദറിനെ കാണാനില്ലെന്ന് കാണിച്ച് നവംബർ 6-ന് കുടുംബം സ്വരൂപ് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

നവംബർ 12-ന് ഐപി കോളനിയിലെ ഒരു ഓടയിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാൾക്ക് ഒന്നിലധികം തവണ കുത്തേറ്റതായി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി അനീസ് പാലിന്റെ കാർ സംശയാസ്പദമായി കണ്ടെത്തി.

കൊല്ലപ്പെട്ട യോഗേന്ദറിന് മയക്കുമരുന്ന് ഉപയോഗമുണ്ടായിരുന്നെന്നും, ഇയാൾ സഹോദരിയോട് (അനീസ് പാലിന്റെ ഭാര്യ) മോശമായി പെരുമാറുന്നത് പതിവായിരുന്നു എന്നും പ്രതി പോലീസിനോട് പറഞ്ഞു. നവംബർ 5-ന് കാറിൽ വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ യോഗേന്ദറിന്റെ പെരുമാറ്റത്തെച്ചൊല്ലി വഴക്കുണ്ടാവുകയും, തുടർന്ന് അനീസ് പാൽ കാറിനുള്ളിൽ വെച്ച് യോഗേന്ദറിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാൻ വസ്ത്രങ്ങൾ നീക്കം ചെയ്ത ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രതി മൊഴി നൽകി.

Tags:    

Similar News