ബെംഗളൂരുവിലെയും മുംബൈയിലെയും ജനങ്ങളുടെ 30 വര്‍ഷത്തെ കാത്തിരിപ്പ്; പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അനുമതി നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രാലയം; ഇതുവരെ ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്നത് ഒറ്റ ട്രെയിന്‍ മാത്രം

Update: 2025-09-29 11:51 GMT

ബെംഗളൂരു: ദീര്‍ഘകാലമായി കാത്തിരുന്ന ബെംഗളൂരു-മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് പുതിയ സേവനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബിജെപി നേതാവ് തേജസ്വി സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്നത് ഉദ്യാന്‍ എക്‌സ്പ്രസ് മാത്രമായിരുന്നു. എന്നാല്‍ അതിന് 24 മണിക്കൂറിലധികം സമയം എടുത്തിരുന്നു. ഇതാണ് ഭൂരിഭാഗം യാത്രക്കാരെയും ബസിലോ വിമാനത്തിലോ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. യാത്ര ചെലവേറിയതും അസ്വസ്ഥതയുണ്ടാക്കുന്നതുമായിരുന്നെന്ന് തേജസ്വി സൂര്യ തന്റെ 'എക്സ്' ഹാന്‍ഡിലില്‍ പങ്കിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പുതിയ ട്രെയിന്‍ സേവനം ആരംഭിക്കുമ്പോള്‍ യാത്രാസമയം കുറയുകയും ചെലവ് കുറവാവുകയും ചെയ്യും. അതോടൊപ്പം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സൗകര്യവും ലഭിക്കുമെന്നാണ് പ്രതീക്ഷ. ബിജെപി എംപി തേജസ്വി സൂര്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. ജനങ്ങളുടെ 30 വര്‍ഷത്തെ ആവശ്യത്തിന് ഒടുവില്‍ പരിഹാരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിലും വിവിധ യോഗങ്ങളിലും തുടര്‍ച്ചയായി വിഷയം ഉയര്‍ത്തിയതിന്റെ ഫലമായാണ് തീരുമാനം വന്നതെന്നും സൂര്യ പറഞ്ഞു.

കഴിഞ്ഞവര്‍ഷംമാത്രം 26 ലക്ഷത്തിലധികം ആളുകള്‍ രണ്ടുനഗരത്തിനുമിടയില്‍ വിമാനത്തില്‍ യാത്രചെയ്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ട്രെയിന്‍ വരുന്നതോടെ എല്ലാ യാത്രക്കാര്‍ക്കും സൗകര്യവും ചിലവ് കുറഞ്ഞതുമായ യാത്ര ലഭ്യമാകുമെന്നും അദ്ദേഹം എക്‌സ് വീഡിയോയിലൂടെ പറഞ്ഞു.

Tags:    

Similar News