സി.ബി.ഐ. ചമഞ്ഞ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് സൈബര്‍ തട്ടിപ്പ്; 'ഡിജിറ്റല്‍ അറസ്റ്റി'ലാക്കുമെന്ന് ഭീഷണി; വര്‍ധ്മാന്‍ ഗ്രൂപ്പ് ഉടമയുമായ ഒസ്വാളിന് നഷ്ടമായത് ഏഴുകോടി

എസ്.പി. ഒസ്വാളിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും പണം തട്ടിയെടുത്തു

Update: 2024-09-30 07:54 GMT

ലുധിയാന: സി.ബി.ഐ. ചമഞ്ഞ് പ്രമുഖ വ്യവസായി എസ്.പി. ഒസ്വാളില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ ഏഴുകോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപ്രതികള്‍ പിടിയില്‍. അസം ഗുവാഹാട്ടി സ്വദേശികളായ അട്ടാനു ചൗധരി, ആനന്ദ് കുമാര്‍ എന്നിവരെയാണ് പഞ്ചാബ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 5.25 കോടി രൂപ കണ്ടെടുത്തതായും കേസിലെ മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ലുധിയാന പോലീസ് കമ്മിഷണര്‍ കുല്‍ദീപ് സിങ് ചഹല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ധ്മാന്‍ ഗ്രൂപ്പിന്റെ ഉടമയും പ്രമുഖ വ്യവസായിയുമായ എസ്.പി. ഒസ്വാളിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് തട്ടിപ്പുസംഘം ഏഴുകോടി രൂപയോളം കൈക്കലാക്കിയത്. സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സംഘത്തിലെ ഒരാള്‍ എസ്.പി. ഒസ്വാളിനെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും 'ഡിജിറ്റല്‍ അറസ്റ്റി'ലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയുംചെയ്തു. പിന്നാലെ ഈ അക്കൗണ്ടുകളില്‍നിന്ന് പ്രതികള്‍ പണം പിന്‍വലിക്കുകയായിരുന്നു.

സംഭവത്തില്‍ എസ്.പി. ഒസ്വാള്‍ പരാതി നല്‍കി 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ കണ്ടെത്താനായതായി പോലീസ് പറഞ്ഞു. അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഒന്‍പതംഗസംഘമാണ് സൈബര്‍ തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    

Similar News