ദേശീയപാതയില്‍ പറന്നിറങ്ങി പ്രധാനമന്ത്രി; വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് സ്ട്രിപ്പ് അസമില്‍ യാഥാര്‍ത്ഥ്യമായി

Update: 2026-02-14 07:19 GMT

ഗോഹട്ടി: വടക്കുകിഴക്കന്‍ ഇന്ത്യയുടെ പ്രതിരോധ-ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ ദേശീയപാത 37-ല്‍ നിര്‍മ്മിച്ച ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് സ്ട്രിപ്പില്‍ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ പറന്നിറങ്ങി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ അദ്ദേഹം ചബുവ എയര്‍ഫീല്‍ഡില്‍ നിന്നാണ് ലാന്‍ഡിങ് സ്ട്രിപ്പിലേക്ക് എത്തിയത്. ഏകദേശം 100 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ സൗകര്യം യുദ്ധവിമാനങ്ങള്‍ക്കും വലിയ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും. ദിബ്രുഗഡ് വിമാനത്താവളത്തിന് ബദലായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ പാതയ്ക്ക് 40 ടണ്‍ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടണ്‍ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനാകും.

ലാന്‍ഡിങ്ങിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന ഗംഭീരമായ എയര്‍ ഷോ അരങ്ങേറി. തേജസ്, സുഖോയ്, റഫാല്‍ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങള്‍ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ഗുവാഹാട്ടിയെയും നോര്‍ത്ത് ഗുവാഹാട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിക്ക് കുറുകെയുള്ള നിര്‍ണ്ണായക പാലം അദ്ദേഹം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ ഈ പാലം മേഖലയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

കൂടാതെ ബംഗോറയില്‍ ഐ.ഐ.എം ഗുവാഹാട്ടിയുടെ താത്കാലിക കാമ്പസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനായി നൂറ് പുതിയ ഇലക്ട്രിക് ബസ്സുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം അസമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഊര്‍ജ്ജമാണ് പകരുന്നത്.

Similar News