തീവണ്ടിയുടെ എസി ഫസ്റ്റ് ക്ലാസ് കോച്ചില്‍ ആമക്കടത്ത്; 311 അപൂര്‍വ്വയിനം ആമകളുമായി അറ്റന്‍ഡന്റ് പിടിയില്‍
തീവണ്ടിയുടെ എസി ഫസ്റ്റ് ക്ലാസ് കോച്ചില്‍ ആമക്കടത്ത്; 311 അപൂര്‍വ്വയിനം ആമകളുമായി അറ്റന്‍ഡന്റ് പിടിയില്‍
ഭോപ്പാല്‍: ഇന്ത്യന്‍ റെയില്‍വേയിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ കേന്ദ്രീകരിച്ച് നടന്ന ആമക്കടത്ത് സംഘത്തെ മധ്യപ്രദേശ് ടൈഗര്‍ സ്‌ട്രൈക്ക് ഫോഴ്‌സ് പിടികൂടി. പട്ന-ഇന്‍ഡോര്‍ എക്‌സ്പ്രസ്സിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചില്‍ നിന്ന് 311 അപൂര്‍വ്വയിനത്തില്‍പ്പെട്ട ആമകളെയാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ കോച്ച് അറ്റന്‍ഡന്റ് അജയ് സിംഗ് രജ്പുതിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗംഗ, ഗോമതി നദികളില്‍ നിന്ന് പിടികൂടുന്ന ആമകളെ വിദേശത്തേക്കും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ക്രൗണ്‍ഡ് റിവര്‍ ടര്‍ട്ടില്‍സ്, ഇന്ത്യന്‍ ടെന്റ് ടര്‍ട്ടില്‍സ്, ഇന്ത്യന്‍ റൂഫ്ഡ് ടര്‍ട്ടില്‍സ് എന്നീ വിഭാഗത്തില്‍പ്പെട്ട ആമകളെയാണ് പിടികൂടിയത്.
ഇവയെല്ലാം 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടവയാണ്. വായുസഞ്ചാരമില്ലാത്ത പെട്ടികളില്‍ അതീവ ദയനീയമായ അവസ്ഥയിലായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്. കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനായ ആസിഫ് ഖാനെ ദേവാസില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ലഖ്നൗവില്‍ നിന്ന് ഒരു കൗമാരക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ വര്‍ഷങ്ങളായി ഈ സംഘം ആമക്കടത്ത് നടത്തിവരികയാണെന്നാണ് സൂചന. ആമയുടെ മാംസത്തിനും മരുന്നിനും വിദേശ രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡുള്ളതാണ് ഇത്തരം കടത്തുകള്‍ വര്‍ദ്ധിക്കാന്‍ കാരണം. വന്യജീവി കടത്തിന് ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.