യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ കാണാനില്ലെന്ന് കുടുംബം; ജാതിയധിക്ഷേപം നടത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്
ലഖ്‌നൗ: യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി. പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്ന പൊലീസിന്റെ മറുപടിയാണ്. എസ് പി പാര്‍ട്ടി വക്താവ് മനോജ് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാതിയധിക്ഷേപം നടത്തിയെന്ന കേസിലാണ് നടപടി. മനോജ് യാദവ് ഭീഷണിപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും ചൂണ്ടിക്കാട്ടി കുറച്ചുദിവസം മുമ്പാണ് ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മനോജ് യാദവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി, തിലക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കകോരിയിലേക്ക് പോയതായിരുന്നു മനോജ് യാദവെന്ന് കുടുംബം പറയുന്നു. എന്നാല്‍ തിരിച്ചുവന്നില്ല. ഇതോടെ, യാദവിനെ കാണാനില്ലെന്നു കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, യാദവിനെ കാണാതായതല്ല, തങ്ങള്‍ കസ്റ്റഡിലെടുത്തതാണെന്ന് പൊലീസ് ഇവരെ അറിയിക്കുകയായിരുന്നു.
യാദവിന്റെ അറസ്റ്റ് സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കനത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാവലയത്തിലാണ് എസ്പി നേതാവിനെ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം, പൊലീസ് അദ്ദേഹത്തെ ലഖ്നൗവിലേക്ക് കൊണ്ടുപോയി.