എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി; പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല
എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി - ചിക്കാഗോ വിമാനം കാനഡയില്‍ ഇറക്കി. ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ127 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ച് കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്.
സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായതാണെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.
സെപ്റ്റംബറില്‍ ജബല്‍പുര്‍-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനവും ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴി തിരിച്ചുവിടേണ്ടി വന്നു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.