ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേഭാരത് എക്‌സ്പ്രസ്; ഡല്‍ഹിയില്‍ നിന്ന് പാട്‌ന വരെ; യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യന്‍ റെയില്‍വേ

ഉത്സവകാലത്തേക്കുള്ള ഒരു സ്‌പെഷല്‍ ട്രെയിന്‍

Update: 2024-10-22 17:57 GMT

ഡല്‍ഹി: യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേഭാരത് എക്‌സ്പ്രസ് എത്തുന്നു. 994 കിലോമീറ്റര്‍ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡല്‍ഹിയില്‍ നിന്ന് പാട്‌ന വരെയുള്ള ഈ ട്രെയിന്‍ 11.5 മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്‌പെഷല്‍ ട്രെയിന്‍ ആയാണ് ഇത് എത്തുന്നത്.

സ്ലീപ്പര്‍ സൗകര്യത്തിനു പകരം ചെയര്‍ കാര്‍ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനില്‍ ഉണ്ടായിരിക്കുക. ഒക്ടോബര്‍ 30 ന് ഡല്‍ഹിയില്‍ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടില്‍ എസി ചെയര്‍കാറിന് 2575 രൂപയും എക്‌സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളില്‍ ഭക്ഷണം, ചായ എന്നിവയും ഉള്‍പ്പെടുന്നു.

ഡല്‍ഹിയില്‍ നിന്ന് പാട്‌നയിലേക്ക് നവംബര്‍ 1, 3, 6 തീയതികളിലും പാട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒക്ടോബര്‍ 31, നവംബര്‍ 2,4,7 തീയതികളിലും ആയിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാട്‌നയില്‍ എത്തും. പാട്‌നയില്‍ നിന്ന് രാവിലെ 07.30ന് പുറപ്പെട്ട് ഡല്‍ഹിയില്‍ വൈകുന്നേരം 7 മണിക്ക് എത്തും. കാണ്‍പുര്‍ സെന്‍ട്രല്‍, പ്രയാഗ് രാജ്, ബക്‌സര്‍, അറാഹ് എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍.

ഇതുവരെയുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേഭാരത് ന്യൂഡല്‍ഹി വാരണാസി പാതയില്‍ ഓടിയിരുന്ന വന്ദേഭാരത് ആയിരുന്നു. 771 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയിലെ യാത്ര എട്ടു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു.

Tags:    

Similar News