'സല്‍മാന്‍ ഖാന്‍ നിരപരാധി; കോടതി കുറ്റവിമുക്തനായിട്ടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുവെന്ന പരാമര്‍ശം വേദനിപ്പിച്ചു'; സല്‍മാന്റെയും പിതാവ് സലിം ഖാന്റെയും കോലം കത്തിച്ച് ബിഷ്ണോയ് സമുദായം
സല്‍മാന്‍ ഖാനും സലിം ഖാനുമാമെതിരെ ഭീഷണി തുടരുന്നു
മുംബൈ: നടന്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ പിതാവ് സലിം ഖാന്‍ നടത്തിയ പ്രസ്താവനയില്‍ പ്രകോപിതരായി ബിഷ്ണോയ് സമുദായം സല്‍മാന്‍ ഖാന്റെയും സലിം ഖാന്റെയും കോലം കത്തിച്ചു. സല്‍മാന്‍ ഖാന് പുറമെ അദ്ദേഹത്തിന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാനെതിരെയും തിരിഞ്ഞിരിക്കുകയാണ് ബിഷ്ണോയ് സമുദായം.
ബിഷ്ണോയ് വിഭാഗം വിശുദ്ധമായി കാണുന്ന ഒന്നാണ് കൃഷ്ണമൃഗം. സല്‍മാന്‍ ഖാനുമായി ലോറന്‍സ് ബിഷ്ണോയിക്കുള്ള വിരോധം പോലും കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിലാണ്. സല്‍മാന്‍ ഖാന്‍ നിരപരാധിയായിരുന്നു. അദ്ദേഹത്തിന് ഒരു മൃഗത്തെയൊന്നും വേദനിപ്പിക്കാന്‍ സാധിക്കില്ല. 1998-ല്‍ രാജസ്ഥാനിലാണ് കൃഷ്ണമൃഗത്തെ വേട്ടയാടുന്ന സംഭവമുണ്ടായത്. ഈ കേസില്‍ കോടതി സല്‍മാന്‍ ഖാനെ കുറ്റവിമുക്തനായിട്ടും ബിഷ്ണോയ് കമ്യൂണിറ്റി അദ്ദേഹം ചെയ്ത തെറ്റിന് മാപ്പുപറയണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് സല്‍മാന്‍ ഖാന്റെ പിതാവായ സലിം ഖാന്‍ കഴിഞ്ഞ ദിവസം എ.ബി.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ പ്രസ്താവനയാണ് ബിഷ്ണോയ് സമൂഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ഞങ്ങള്‍ ബിഷ്ണോയികള്‍ ആരെയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. 26 വര്‍ഷം മുമ്പ് ഈ കേസുണ്ടായപ്പോള്‍ ബിഷ്ണോയ് വിഭാഗത്തില്‍ നിന്നുള്ള അന്നത്തെ എം.എല്‍.എ. ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അവിടെ എത്തിയിരുന്നു. സലിം ഖാന്റെ പ്രസ്താവന ഒരു സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണ്. തെറ്റായ പ്രസ്താവനകള്‍ നല്‍കി ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നീതി ഉറപ്പാക്കാന്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് ഉള്‍പ്പെടെ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ബിഷ്ണോയ് കമ്യൂണിറ്റി പറയുന്നത്.
സല്‍മാന്‍ ഖാനും സലിം ഖാനുമാമെതിരെ നിരവധി തവണയാണ് ലോറന്‍സ് ബിഷ്ണോയ് ഭീഷണി കത്തുകള്‍ അയച്ചിട്ടുള്ളത്. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയിക്ക് സല്‍മാനോടുള്ള ശത്രുത ആരംഭിക്കുന്നത്. സല്‍മാന്‍ രാജസ്ഥാനിലുള്ള ബിഷ്ണോയ് കമ്മ്യൂണിറ്റിയുടെ ക്ഷേത്രത്തില്‍ എത്തി മാപ്പുചോദിക്കണമെന്നാണ് ലോറന്‍സ് ബിഷ്ണോയ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സല്‍മാന്‍ ഖാനെയും പിതാവിനെയും കാത്തിരിക്കുന്നതെന്നും ബിഷ്ണോയ് ഭീഷണി മുഴക്കുന്നുണ്ട്.
അതേസമയം ലോറന്‍സ് ബിഷ്ണോയ് നിലവില്‍ മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്. എന്നാല്‍, അയാളുടെ ബിഷ്ണോയ് ഗ്യാങ് മുംബൈയില്‍ ഉള്‍പ്പെടെ സജീവമാണ്. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷാ സംവിധാനമാണ് മുംബൈ പോലീസ് സല്‍മാന്‍ ഖാന് ഒരുക്കിയിരിക്കുന്നത്. അടുത്തിടെ എന്‍.സി.പി. നേതാവായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തെ തുടര്‍ന്ന് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ വീടിനുമുള്ള സുരക്ഷ പോലീസ് കൂടുതല്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.