സമൂഹമ മാധ്യമങ്ങളിലൂടെ വ്യാജ ബോംബ് ഭീഷണി; ചൊവ്വാഴ്ച മാത്രം ഭീഷണി വന്നത് 100 വിമാനങ്ങള്‍ക്ക്; വിമാന കമ്പനികള്‍ക്ക് ആയിരം കോടിയിലധികം നഷ്ടം

വിമാനക്കമ്പനികള്‍ക്ക് ആയിരം കോടിയിലധികം നഷ്ടം

Update: 2024-10-29 17:08 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരേ കഴിഞ്ഞ രണ്ടാഴ്ചയായി ഉയരുന്ന ബോംബ് ഭീഷണികള്‍ തുടരുന്നു. ചൊവ്വാഴ്ച മാത്രമുണ്ടായത് 100 വിമാനങ്ങള്‍ക്കെതിരേയുള്ള ഭീഷണി. എയര്‍ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ചൊവ്വാഴ്ച ഭീഷണിയുണ്ടായതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ പോലീസ് മാത്രം ഇതുവരെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 16 ദിവസത്തിനിടെ 510 -ല്‍ അധികം വിമാനങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ഭീഷണിയുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടും. ഭീഷണികളില്‍ കൂടുതലും സമൂഹമ മധ്യമങ്ങളിലൂടെയുള്ളതാണ്. ആയിരം കോടിയിലധികം നഷ്ടമാണ് വിമാനക്കമ്പനികള്‍ക്കുണ്ടാക്കിയിരിക്കുന്നത്.

വിമാനങ്ങള്‍ക്കെതിരായുള്ള തുടര്‍ച്ചയായുണ്ടായ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം മുന്നറിയിപ്പും നല്‍കിയിരുന്നു. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ 72 മണിക്കറിനകം കൈമാറണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. അല്ലാത്തപക്ഷം ഐ.ടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും ബോംബ് ഭീഷണി തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് വിമാനങ്ങള്‍ക്ക് അവരുടെ എക്സ് അക്കൗണ്ടില്‍ ബോംബ് ഭീഷണി ലഭിച്ചതോടെ അജ്ഞാതനായ വ്യക്തിക്കെതിരേ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. രണ്ട് വിമാനങ്ങള്‍ക്കെതിരേ ബോംബ് ഭീഷണി ഉയര്‍ത്തയതിന്റെ പേരില്‍ ശനിയാഴ്ച ഡല്‍ഹി പോലീസ് 25 വയസ്സുകാരനായ ഉത്തംനഗര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്തംനഗര്‍ ഏരിയയിലെ രാജപുരിയില്‍ നിന്നുള്ള ശുഭം ഉപാധ്യായയാണ് അറസ്റ്റിലായത്. പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ തൊഴില്‍രഹിതനാണെന്നും പോലീസ് വ്യക്തമാക്കി. വിമാനക്കമ്പനികള്‍ക്ക് വ്യാജ ഭീഷണികള്‍ ലഭിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്.

Tags:    

Similar News