ദീപാവലി ആഘോഷത്തിനിടെ വെടിവെയ്പ്പ്; 40കാരനും ബന്ധുവും കൊല്ലപ്പെട്ടു; വ്യക്തിവൈരാഗ്യമെന്ന് സംശയം; ആക്രമണം പടക്കം പൊട്ടിക്കുന്നതിനിടെ; ദൃശ്യങ്ങൾ പുറത്ത്; സംഭവം ഡൽഹിയിൽ
ഡൽഹി: ദീപാവലി ആഘോഷത്തിനിടെ വെടിവെയ്പ്പ് ആക്രമണം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഡൽഹിയിലാണ് സംഭവം നടന്നത്. ദീപാവലി ദിനത്തില്‍ ഡൽഹിയിലെ ഷാഹ്ദ്രയിലാണ് രണ്ട് പേര്‍ വെടിയേറ്റ് മരിച്ചത്. ആകാശ് ശര്‍മ്മ (40), ബന്ധു ഋഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ആകാശ് ശര്‍മ്മയുടെ മകന്‍ കൃഷ് ശര്‍മ്മ (10) പരിക്കുകളോടെ ഇപ്പോൾ ആശുപത്രിയിലാണ്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്.
ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആകാശ് ശര്‍മ്മയും മകനും അനന്തരവനും വീടിന് പുറത്തുള്ള ചെറിയ റോഡിൽ ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നു. അപ്പോൾ ഒരു കൗമാരക്കാരനും മറ്റൊരാളും ഇരുചക്ര വാഹനത്തിൽ വന്നിറിങ്ങി. കൗമാരക്കാരൻ കുനിഞ്ഞ് ആകാശ് ശർമ്മയോട് എന്തോ പറഞ്ഞു. പിന്നാലെ അദ്ദേഹം അകത്തേക്ക് കയറിപ്പോയി.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് തന്നെ കൗമാരക്കാരന്‍റെ കൂടെയുണ്ടായിരുന്നയാൾ അഞ്ച് റൗണ്ട് വെടിയുതിർത്തു. ആകാശ് ശര്‍മ്മ സംഭവ സ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു. മകന് പരിക്കേറ്റു. അനന്തരവന് അക്രമികളുടെ പിന്നാലെ ഓടിയപ്പോഴാണ് വെടിയേറ്റത്. ഇയാളും പിന്നാലെ മരിച്ചു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ സംശയം. കൗമാരക്കാരൻ ക്വട്ടേഷൻ നൽകിയ ആളാവാം വെടിയുതിർത്തതെന്നും പൊലീസ്പറയുന്നു. എന്നാൽ എന്താണ് ഇരുവരും തമ്മിലുള്ള വൈരാഗ്യമെന്ന് വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.