ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ബഡ്ഗാമില്‍ അതിഥിത്തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്ത് ഭീകരര്‍; സുരക്ഷ സേന തിരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം

Update: 2024-11-01 16:12 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ അതിഥിത്തൊഴിലാളികള്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശില്‍നിന്നുള്ള രണ്ട് തൊഴിലാളികള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീട് പോലീസ് അറിയിച്ചു. സഹരണ്‍പുര്‍ സ്വദേശികളായ സോഫിയാന്‍ (25), ഉസ്മാന്‍ മാലിക് (20) എന്നിവര്‍ക്കാണ് വെടിയേറ്റത്. ഓരോ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കിടെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

ശ്രീനഗറിലെ ജെ.വി.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഴിലാളികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജല്‍ ശക്തി വകുപ്പിലെ ദിവസവേതനക്കാരായിരുന്നു ഇരുവരും. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ഭീകരവാദികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കശ്മീര്‍ താഴ്വരയില്‍ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ് വ്യാഴാഴ്ചത്തേത്. ഒക്ടോബര്‍ 20-ന് ഭീകരവാദികള്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട തൊഴിലാളികളില്‍ രണ്ടുപേര്‍ ബിഹാറില്‍നിന്നുള്ളവരായിരുന്നു. ഗന്ദേര്‍ബാല്‍ ജില്ലയില്‍ ടണല്‍ നിര്‍മാണസ്ഥലത്തായിരുന്നു ആക്രമണം നടന്നത്.

Tags:    

Similar News