വിദ്വേഷ പ്രസംഗം: ബോളിവുഡ് നടനും ബി.ജെ.പി. നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തു
മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തു
കൊല്‍ക്കത്ത: ബോളിവുഡ് നടനും ബി.ജെ.പി. നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ബംഗാള്‍ പോലീസ് കേസെടുത്തു. പാര്‍ട്ടി യോഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബൗബസാര്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27-ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം.
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണ് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ അംഗത്വ വിതരണ ക്യാമ്പെയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന്‍ ചക്രബര്‍ത്തി പ്രകോപനപരമായ പ്രസംഗം നടത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മിഥുന്‍ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തത് പ്രതികാര രാഷ്ട്രീയമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശുകന്ത മജുംദാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകോപനപരമായി യാതൊന്നുമില്ല. പോലീസിനെ രാഷ്ട്രീയ ഉപകരണമാക്കിക്കൊണ്ട് അദ്ദേഹത്തെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മജുംദാര്‍ പറഞ്ഞു.