തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസിനെ കുത്തി ഒറ്റയോട്ടം; ചെയ്‌സ് ചെയ്ത് പ്രതിയെ വെടിവെച്ച് വീഴ്ത്തി കാക്കിപ്പട; മൂന്ന് പേർക്ക് പരിക്ക്; നാടകീയ സംഭവം മംഗളുരുവിൽ
മംഗളുരു: തെളിവെടുപ്പിനിടെ പോലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളുരു ഉള്ളാളിലെ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ആക്രമ ശ്രമം. മുംബൈയിൽ താമസിക്കുന്ന കണ്ണൻ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസുകാരെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചത്.
ഉടൻ പ്രതിരോധിച്ച പൊലീസുദ്യോഗസ്ഥർ പ്രതിയുടെ കാലിന് വെടിവച്ച് വീഴ്ത്തി. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൻ മണിയെയും പരിക്കേറ്റ പോലീസുദ്യോഗസ്ഥരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.