ഉദ്ധവിന്റെ ചോദ്യത്തില്‍ ഉത്തരംമുട്ടി ഉദ്യോഗസ്ഥര്‍; പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററും ബാഗും പരിശോധിച്ചു; ദൃശ്യങ്ങളടക്കം പുറത്തുവന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററും ബാഗും പരിശോധിച്ചു

Update: 2024-11-13 13:25 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. പാല്‍ഘറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിയപ്പോഴാണ് ഷിന്‍ഡേ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

എക്നാഥ് ഷിന്‍ഡേയുടെ സാന്നിധ്യത്തില്‍ ഹെലികോപ്റ്ററിനുള്‍വശവും അതിലുണ്ടായിരുന്ന സാധനങ്ങളും ബാഗുകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മഹാവികാസ് അഘാഡി സഖ്യത്തിലെ ശിവസേനയിലെ ഉദ്ധവ് താക്കറെ തന്റെ ബാഗ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ രണ്ടുതവണ പരിശോധന നടത്തിയതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ സഖ്യമായ മഹായുതിയിലെ ശിവസേന നേതാവും മുഖ്യമന്ത്രിയുമായ എക്നാഥ് ഡിന്‍ഡേയുടെ ഹെലികോപ്റ്ററിലും പരിശോധന നടന്നതെന്നതാണ് ശ്രദ്ധേയം.

തന്റെ ബാഗുകള് പരിശോധിച്ചതില്‍ പ്രതിഷേധിച്ച ഉദ്ദവ് താക്കറെ ഏക്നാഥ് ഷിന്‍ഡേയുടടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും അജിത് പവാറിന്റെയും ബാഗുകള്‍ പരിശോധിക്കുമോയെന്ന് ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്രയില്‍ പ്രചാരണത്തിന് വരുമ്പോള്‍ ഇതേപോലെ പരിശോധന നടത്താറുണ്ടോയെന്നും ഉദ്ദവ് ചോദിച്ചിരുന്നു.

ഇതിന് മറുപടിയായി കര്‍ശനമായ മാര്‍ഗരേഖയ്ക്ക് അനുസരിച്ചാണ് പരിശോധനകളെല്ലാം നടത്തുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ഇതിന് മുമ്പ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഞ്ചരിച്ച ഹെലികോപ്റ്ററും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ലത്തൂരില്‍ വെച്ച് പരിശോധിച്ചിരുന്നു. ഉദ്ദവ് താക്കറെയുടെ ആരോപണത്തിന് പിന്നാലെ ഫഡ്നവിസിന്റെ ബാഗുകള്‍ വിമാനത്താവളത്തില്‍ വെച്ച് പരിശോധിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ബിജെപി രംഗത്ത് വന്നിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ നല്‍കി വോട്ട് തേടുന്നില്ല എന്ന് ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തണമെന്നാണ്. ഇത്പ്രകാരമാണ് പരിശോധനകളെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags:    

Similar News