നടിയും നര്‍ത്തകിയുമായ യുവതി ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടോളിഗഞ്ചിലേക്ക് മാറി; ഭര്‍ത്താവിനും യുവതിയ്ക്കും തുല്യാവകാശമുള്ള ഈ ഫ്‌ളാറ്റില്‍ ഭര്‍ത്താവ് അനുവാദമില്ലാതെ ക്യാമറ സ്ഥാപിച്ചു; താമസക്കാരുടെ അനുമതിയില്ലാത്ത സിസിടിവി സ്വകാര്യതയുടെ ലംഘനമെന്ന് കോടതി

Update: 2024-11-29 16:13 GMT

കൊല്‍ക്കത്ത: താമസക്കാരുടെ അനുമതിയില്ലാതെ കെട്ടിടത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. താമസ്ഥലത്ത് ഉടമസ്ഥാവകാശമുണ്ടെങ്കില്‍ അയാള്‍ക്ക് സിസിടിവി പ്രവര്‍ത്തനരഹിതമാക്കാമെന്ന് ജസ്റ്റിസ് ത്രിതങ്കര്‍ ഘോഷ് പറഞ്ഞു.

തന്റെ സമ്മതമില്ലാതെ മുന്‍ഭര്‍ത്താവ് ഫ്ളാറ്റില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതിനെതിരെ യുവതി നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണ്ണായക ഉത്തരവ്. നടിയും നര്‍ത്തകിയുമായ യുവതി ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടോളിഗഞ്ചില്‍ ഫ്ളാറ്റെടുത്ത് താമസിക്കുകയായിരുന്നു. ഭര്‍ത്താവിനും യുവതിയ്ക്കും തുല്യാവകാശമുള്ള ഈ ഫ്‌ളാറ്റിലാണ് ഭര്‍ത്താവ് അനുവാദമില്ലാതെ ക്യാമറ സ്ഥാപിച്ചത്.

ബര്‍ട്ടോല്ലയിലുള്ള തങ്ങളുടെ മറ്റൊരു ഫ്ളാറ്റിലും യുവതിയുടെ കിടപ്പുമുറിയുടെ പുറത്തുമാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. യുവതി അറിയാതെ ഭര്‍ത്താവ് ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശം അയാളുടെ സഹോദരിക്ക് കൈമാറി വഞ്ചിച്ചെന്നും മാനസികമായും ശാരീരികമായും ഭര്‍ത്താവും വീട്ടുകാരും തന്നെ പീഢിപ്പിച്ചിരുന്നെന്നും യുവതി പറയുന്നു. സിസിടിവി സ്ഥാപിക്കുന്നതിന് താമസിക്കുന്ന ആളുടെ സമ്മതം ആവശ്യമാണ്. യുവതിക്ക് ഫ്ളാറ്റിന്മേല്‍ ഉടമസ്ഥാവകാശമുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ പറയുന്നത്. സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വിശദീകരിച്ചു.

Tags:    

Similar News