ബോര്‍ഡിങ് സ്‌കൂളിലെ പരിചയം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയമായി; ഒരുമിച്ച് യാത്രകള്‍ നടത്തിയ ശേഷം വീഡിയോ കാണിച്ച് ബ്ലാക്ക് മെയിലിങ്; യുവതിയില്‍ നിന്നും തട്ടിയെടുത്തത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും: യുവാവ് അറസ്റ്റില്‍

20കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും

Update: 2024-12-07 04:00 GMT

ബെംഗളൂരു: കാമുകിയെ ബ്ലാക്ക്മെയില്‍ ചെയ്ത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും തട്ടിയെടുത്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്ന കാലത്ത് എടുത്ത വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് യുവതിയില്‍ നിന്നും പണവും കാറും തട്ടിയത്. മാസങ്ങളോളം ബ്ലാക്ക്മെയില്‍ തുടര്‍ന്നതോടെ ഒരു നിവര്‍ത്തിയുമില്ലാതെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയും മോഹന്‍ കുമാറും ഒരേ ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്‌കൂള്‍ കാലത്തിന് ശേഷം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് മോഹന്‍ കുമാര്‍ യുവതിക്ക് വാക്ക് നല്‍കി. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തി. അപ്പോള്‍ ചിത്രീകരിച്ച വീഡിയോകളാണ് മോഹന്‍ കുമാര്‍ പിന്നീട് പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചത്. താന്‍ ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം നല്‍കുക ആയിരുന്നു.

മുത്തശ്ശിയുടെ അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപ ആരുമറിയാതെ പിന്‍വലിച്ച് പെണ്‍കുട്ടി കുമാറിന് നല്‍കി. ബ്ലാക്ക്മെയില്‍ തുടരുന്നതിനിടെ പലപ്പോഴായി 1.32 കോടി കൂടി നല്‍കി. അതോടൊപ്പം വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും തട്ടിയെടുത്തു. മറ്റു വഴിയില്ലാതെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. ആസൂത്രണം ചെയ്ത കുറ്റകൃത്യമാണിതെന്നും 2.57 കോടി രൂപ യുവാവ് പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയെടുത്തെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു. ഇതില്‍ 80 ലക്ഷം രൂപ കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.

Tags:    

Similar News