'പക്ഷപാതപരമായി പെരുമാറുന്നു; മറ്റുവഴികളില്ല, വേദനാജനകമായ തീരുമാനം'; ജഗ്ദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം

ജഗ്ദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം

Update: 2024-12-10 13:14 GMT

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് വ്യക്തമാക്കി.

കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സി.പി.ഐ, സി.പി.എം, ജെ.ജെ.എം, എ.എ.പി, ഡി.എം.കെ എന്നീ പാര്‍ട്ടികളില്‍ നിന്ന് 60തോളം എം.പിമാര്‍ നോട്ടീസില്‍ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാല്‍, ഭരണഘടനാ പദവികള്‍ വഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി, വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ ഫ്ളോര്‍ ലീഡര്‍മാര്‍ എന്നിവരും ഒപ്പിട്ടട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയതായും ജയ്‌റാം രമേശ് അറിയിച്ചു.

അങ്ങേയറ്റം പക്ഷപാതപരമായ രീതിയില്‍ നടപടിക്രമങ്ങള്‍ നടത്തുന്ന രാജ്യസഭാ ചെയര്‍മാനെതിരെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം സമര്‍പ്പിക്കുകയല്ലാതെ ഇന്ത്യാ ഗ്രൂപ്പിലെ എല്ലാപാര്‍ട്ടികള്‍ക്കും മറ്റുവഴികളില്ല. വളരെ വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായി ഈ നടപടി സ്വീകരിക്കേണ്ടിവന്നു' ജയ്റാം രമേശ് എക്സില്‍ കുറിച്ചു.

സോണിയാ ഗാന്ധിയും വ്യവസായി ജോര്‍ജ് സോറസും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ പല വിഷയങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇരുസഭകളും പിരിഞ്ഞതിനു പിന്നാലെയാണ് നോട്ടീസ് സമര്‍പ്പിച്ചത്. അവിശ്വാസം വിജയിക്കില്ലെന്നും എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനായി പോരാടാനുള്ള ശക്തമായ സന്ദേശമാണിതെന്നും എം.പിമാര്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭാ ചെയര്‍മാനുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോട്ടീസ് നല്‍കിയത്.

Tags:    

Similar News