സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിന് രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത്; വിജയവാഡയില്‍ പ്രചരണം തുടങ്ങും
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ഹിന്ദു ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനായി 'ജാഗ്രണ്‍ അഭിയാന്‍' എന്ന പേരില്‍ രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ജനുവരി അഞ്ചിന് വിജയവാഡയില്‍ നിന്ന് പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദേ അറിയിച്ചു.
ക്ഷേത്ര വരുമാനം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളില്‍ ജോലിക്ക് നിയമിക്കണം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇതര മതസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം. രാഷ്ട്രീയ നേതാക്കള്‍ ക്ഷേത്ര ട്രസ്റ്റികളാകരുത്. ക്ഷേത്ര സ്വത്തുക്കളുടെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിഎച്ച്പിയുടെ പ്രചാരണമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.