ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്ത് വഴിയില്‍ കാത്തു നിന്ന യുവതിയെ കുത്തിക്കൊന്നു; ആക്രമണത്തിന് ശേഷം സ്വയം കുത്തിപരുക്കേല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍

ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്ത് വഴിയില്‍ കാത്തു നിന്ന യുവതിയെ കുത്തിക്കൊന്നു

Update: 2024-12-26 23:52 GMT

ഗുവാഹത്തി: കാര്‍ കാത്ത് വഴിയില്‍ നിന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്. അസമിലെ ഗുവാഹത്തിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൗസുമി ഗൊഗോയ് എന്ന യുവതിയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുവാഹത്തിയിലെ ലേറ്റ് ഗേറ്റ് ഏരിയയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന് ശേഷം സ്വയം കുത്തിപരുക്കേല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെയോടെ പുറത്തേക്ക് പോകാന്‍ ഓണ്‍ലൈന്‍ വഴി ടാക്‌സി ബുക്ക് ചെയ്ത യുവതി, വാഹനവും കാത്ത് വീടിനു പുറത്ത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. മറ്റൊരു കാറില്‍ യുവതിയുടെ വീടിന് സമീപമെത്തിയ ഭൂപന്‍ ദാസ് യുവതിയെ കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഭൂപന്‍ദാസിനെ പിന്നീട് ഹൗസിങ് കോംപ്ലക്സ് ഏരിയയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വയം കുത്തിപരുക്കേല്‍പ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് മൗസുമി ഗൊഗോയ് നേരത്തേ ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മൗസുമിയും പ്രതിയായ ഭൂപനും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന.

Tags:    

Similar News