ജമ്മു-കശ്മീന് സംസ്ഥാന പദവി വേണമെന്ന് ഒമര്‍ അബ്ദുല്ല; വാഗ്ദാനം പാലിക്കുമെന്ന് മോദി

ജമ്മു-കശ്മീന് സംസ്ഥാന പദവി വേണമെന്ന് ഒമര്‍ അബ്ദുല്ല; വാഗ്ദാനം പാലിക്കുമെന്ന് മോദി

Update: 2025-01-13 18:12 GMT

സോനാമാര്‍ഗ്: ജമ്മു-കശ്മീര്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ ഇസെഡ് മോര്‍ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം ഈ വാഗ്ദാനം ഉടന്‍ നടപ്പാക്കുമെന്ന് തന്റെ ഹൃദയം വിശ്വസിക്കുന്നുവെന്നുമാണ് ഒമര്‍ അബ്ദുല്ല പറഞ്ഞത്.

എല്ലാ കാര്യങ്ങള്‍ക്കും അതിന്റെ സമയമുണ്ടെന്നും ശരിയായ കാര്യങ്ങള്‍ ശരിയായ സമയത്ത് നടക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ജമ്മു-കശ്മീരില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ട്. ഇത് വിനോദസഞ്ചാരത്തില്‍ പ്രകടമാണ്. വികസനത്തിന്റെ പുതിയ ഇതിഹാസം രചിക്കുകയാണ് കശ്മീരെന്നും പ്രധാനമന്ത്രി പറഞ്ഞു. 15 ദിവസത്തിനിടെ ജമ്മു-കശ്മീരിലെ രണ്ടു സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തത് വലിയ ആദരമാണെന്ന് ഒമര്‍ അബ്ദുല്ല പറഞ്ഞു. കഴിഞ്ഞയാഴ്ച ജമ്മു റെയില്‍വേ ഡിവിഷന്‍ മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.

Tags:    

Similar News