റിപ്പബ്ലിക് ദിനത്തില്‍ വീണ്ടും 'ട്രാക്ടര്‍ മാര്‍ച്ച്'; ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്‍ നിരത്തിലിറക്കുമെന്ന് കര്‍ഷക സമര നേതാക്കള്‍

റിപ്പബ്ലിക് ദിനത്തില്‍ വീണ്ടും 'ട്രാക്ടര്‍ മാര്‍ച്ച്'

Update: 2025-01-22 13:52 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ്, ഹരിയാന റോഡുകളില്‍ ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്‍ ഇറങ്ങുമെന്ന് കര്‍ഷക സമര നേതാക്കള്‍. ഉച്ച മുതല്‍ പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളില്‍ കര്‍ഷക സംഘടനകള്‍ 'ട്രാക്ടര്‍ മാര്‍ച്ച്' നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

പഞ്ചാബ് കര്‍ഷക സംഘടനകളായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം-രാഷ്ട്രീയേതര), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെ.എം.എം) അംഗങ്ങള്‍ ചേര്‍ന്നാണ് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 2021ല്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്ത് കര്‍ഷക പ്രക്ഷോഭത്തിനിടെ സമാനമായ ട്രാക്ടര്‍ പരേഡ് നടന്നിരുന്നു.

അതേസമയം കര്‍ഷക സമര നേതാവായ ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു ഫെബ്രുവരി 14ലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജഗ്ജിത് സിങ് ദല്ലേവാള്‍ സമ്മതിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

Similar News