ഇറാഖിലെ പെണ്‍കുട്ടികളുടെ ജീവിതം ഇനി നരകതുല്യമാകും! വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ പച്ചക്കൊടി; പെണ്‍കുട്ടികളെ അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ എന്ന് നിയമത്തെ പിന്തുണയ്ക്കുന്നവര്‍; ബാല വിവാഹങ്ങള്‍ പെരുകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഇറാഖിലെ പെണ്‍കുട്ടികളുടെ ജീവിതം ഇനി നരകതുല്യമാകും!

Update: 2025-01-22 16:07 GMT

ബാഗ്ദാദ്: ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 വയസാക്കി കുറയ്ക്കാന്‍ വഴിയൊരുക്കുന്ന നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കി. വ്യക്തിഗത നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതോടെ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, തുടങ്ങിയ കുടുംബകാര്യങ്ങളില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം കൈവരും. വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1958 ലെ ഏകീകൃത കുടുംബ നിയമമാണ് അട്ടിമറിക്കപ്പെട്ടത്. നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ഈ നിയമത്തിലാണ്് ഇറാഖി ഭരണകൂടം ഭേദഗതി വരുത്തിയത്.

ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിച്ചത്. വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ കൊണ്ടുവന്ന ബില്‍ ആദ്യം പിന്‍വലിച്ചെങ്കിലും ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റില്‍ ഭേദഗതി ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍

മത അധികാരികളെയോ നീതിന്യായ വ്യവസ്ഥയെയോ പൗരന്‍മാര്‍ക്ക് തിരഞ്ഞെടുക്കാമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ഇസ്ലാമിക തത്വങ്ങളുമായി പൊതുനിയമത്തെ പൊരുത്തപ്പെടുത്താനും ഇറാഖി സംസ്‌കാരത്തില്‍ പാശ്ചാത്യ സ്വാധീനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഭേഗദഗതിയെന്ന് അതിനെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതിക ഷിയ പാര്‍ലമെന്റ് അംഗങ്ങള്‍ വാദിക്കുന്നു. എന്നാല്‍ ഇത്രയും ചെറുപ്രായത്തിലേ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുമെന്ന് ഇറാഖി വനിതാ ലീഗ് അംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇന്‍തിസര്‍ അല്‍ മയാലി പ്രതികരിച്ചു. കുട്ടികളെന്ന രീതിയില്‍ ജീവിക്കാനുള്ള അവകാശത്തെയും ഈ ഭേദഗതി ഹനിക്കുന്നതായി ഇന്‍തിസര്‍ കുറ്റപ്പെടുത്തി.

നടപടിക്രമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് നിയമഭേഗതിക്കായി ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനം ബഹളത്തില്‍ മുങ്ങി. പകുതിയോളം അംഗങ്ങള്‍ വോട്ടുചെയ്തില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിവിധ വിഭാഗങ്ങള്‍ പിന്തുണയ്ക്കുന്ന മൂന്നു വിവാദ നിയമങ്ങളാണ് പാസാക്കിയത്. സുന്നി തടവുകാര്‍ക്ക് ഗുണകരമാകുന്ന പൊതുമാപ്പുമായി ബന്ധപ്പെട്ട നിയമവും പാസാക്കിയിട്ടുണ്ട്.

അതേസമയം വിവാദ നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റസ്് വാച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിരവധി ബാലവിവാഹങ്ങളാണ് ഇറാഖില്‍ ഓരോ വര്‍ഷവും സംഭവിക്കുന്നതെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്. രാജ്യത്തെ 28 ശതമാനത്തോളം പെണ്‍കുട്ടികളും 18 വയസ്സാകുന്നതിനു മുന്‍പേ വിവാഹിതരാകുന്നുണ്ടെന്നാണ് യൂനിസെഫ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, എന്നിവയെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നത്. ശൈശവവിവാഹം, നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനം എന്നിവയിലേക്ക് വിവാദ നിയമം വഴിതെളിക്കുമെന്നും പ്രതിഷേധം ഉയര്‍ത്തുന്ന സംഘടനകള്‍ വാദിക്കുന്നു. ഇസ്ലാമിക നിയമത്തെ കൂടുല്‍ ഊട്ടിയുറപ്പിക്കുമെന്നും പെണ്‍കുട്ടികളെ അനുചിതമായ ബന്ധങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നുമാണ് നിയമഭദഗതിയെ പിന്തുണച്ചവരുടെ വാദം.

Tags:    

Similar News