'ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല; ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ്'; പ്രയാഗ് രാജിലെ ത്രിവേണീസംഗമത്തില്‍ പുണ്യസ്‌നാനം നടത്തി നടി ഹേമമാലിനി
പ്രയാഗ് രാജിലെ ത്രിവേണീസംഗമത്തില്‍ പുണ്യസ്‌നാനം നടത്തി നടി ഹേമമാലിനി
പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്കെത്തിയ നടിയും ബിജെപി എം പിയുമായ ഹേമ മാലിനി ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. ജുനപീതാദീശ്വര്‍ മഹാമണ്ഡലേശ്വര്‍ ആചാര്യ സ്വാമി അവ്ദേശാനന്ദ് ഗിരി ജി മഹാരാജുമായി ഹേമ മാലിനി കൂടിക്കാഴ്ച നടത്തുകയുംചെയ്തു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നടി കുംഭമേളയ്ക്കെത്തിയത്.
പുണ്യസ്‌നാനം നടത്തിയതില്‍ വളരെയധികം സന്തോഷം തോന്നുന്നതായി അവര്‍ പറഞ്ഞു. ഇതിന് മുമ്പ് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും ഇന്ന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണെന്നും പുണ്യസ്‌നാനം നടത്താനായതില്‍ ഏറെ ഭാഗ്യവതിയാണെന്നും നടി പ്രതികരിച്ചു.
''പുണ്യസ്‌നാനം നടത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ്.'' -ഹേമമാലിനി പറഞ്ഞു.
മൗനി അമാവാസിയുടെ വിശേഷ ദിവസത്തില്‍ ഹേമമാലിനിയും ബാബാ രാംദേവും ത്രിവേണി സംഗമത്തിലെത്തി പുണ്യസ്‌നാനം ചെയ്തു. സ്‌നാനത്തിന് ശേഷം പ്രഭു പ്രേമി സംഘ് കുംഭ ക്യാമ്പിലെ ജുനപീതാധീശ്വര്‍ മഹാമണ്ഡലേശ്വര്‍ ആചാര്യ സ്വാമി അവധേശാനന്ദ ഗിരിജി മഹാരാജിനെയും അവര്‍ കണ്ടു.
ബുധനാഴ്ച രാവിലെ കുംഭമേളയില്‍ തിക്കുംതിരക്കും കാരണമുണ്ടായ അപകടത്തില്‍ തനിക്കുണ്ടായ വിഷമവും നടി മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംഭവിച്ചത് വളരെ സങ്കടകരമായ കാര്യമാണെന്നും എല്ലാം തങ്ങള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഹേമ മാലിനി പറഞ്ഞു. വന്‍ ജനക്കൂട്ടമാണുള്ളത്. ഒരേസമയം കൂടുതല്‍പേര്‍ വരരുതെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും നടി പറഞ്ഞു.
മുന്‍പ് സുനില്‍ ഗ്രോവര്‍, കബീര്‍ ഖാന്‍, ഗുരു രണ്‍ധാവ, അവിനാഷ് തിവാരി, മംമ്ത കുല്‍ക്കര്‍ണി, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖരും കുംഭമേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ 17 ദിവസങ്ങള്‍ക്കുള്ളില്‍ 15 കോടിയിലധികം തീര്‍ത്ഥാടകര്‍ കുംഭമേളയിലെത്തി പുണ്യ സ്‌നാനം ചെയ്തിരുന്നു. ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും.