കോളജില്‍ ഹോളി ആഘോഷത്തിന് അനുമതി നിഷേധിച്ചതിന്റെ പക; അധ്യാപകരടക്കം 150 ജീവനക്കാരെ പൂട്ടിയിട്ടു; നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അധ്യാപകരടക്കം 150 ജീവനക്കാരെ പൂട്ടിയിട്ടു

Update: 2025-02-28 15:00 GMT

ഇന്‍ഡോര്‍: കോളജില്‍ ഹോളി ആഘോഷത്തിനു അനുമതി നിഷേധിച്ചതിന്റെ ദേഷ്യത്തില്‍ അധ്യാപകരടക്കം 150 ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്‍ഡോറിലെ ഗവ. ഹോല്‍ക്കര്‍ സയന്‍സ് കോളജിലാണ് വിദ്യാര്‍ഥികളുടെ അതിക്രമം.

കോളജിലെ വൈദ്യുതിയും വിദ്യാര്‍ഥികള്‍ വിച്ഛേദിച്ചിരുന്നു. അരമണിക്കൂറോളമാണ് അധ്യാപകരെ ഹാളില്‍ പൂട്ടിയിട്ടത്. ഇതിനിടെ ഹാളിലുണ്ടായിരുന്ന ജീവനക്കാരന്‍ ജനല്‍ വഴി പുറത്തിറങ്ങി വാതില്‍ തുറക്കുകയായിരുന്നു. ഹോളി ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് ഏഴിന് പ്രത്യേക ആഘോഷ പരിപാടികള്‍ നടത്താനായിരുന്നു നീക്കം.

ഡിജെ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കാണ് പദ്ധതിയിട്ടത്. ഇതിനാണ് കോളജ് അധികൃതര്‍ അനുമതി നിഷേധിച്ചത്. ഇതോടെ രോഷാകുലരായ വിദ്യാര്‍ഥികള്‍ പരിപാടി സംബന്ധിച്ച പോസ്റ്ററുകള്‍ ഉള്‍പ്പെടെ കോളജ് പരിസരത്ത് സ്ഥാപിച്ചു. പിന്നാലെ പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുകയും കോളജിലെ ഹാളിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു.

ഈസമയം ഹാളില്‍ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ഒരു യോഗം നടക്കുകയായിരുന്നു. വനിത അധ്യാപകര്‍ ഉള്‍പ്പെടെ അര മണിക്കൂറാണ് ഹാളില്‍ കുടുങ്ങിയത്. ജില്ല ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ നാലു വിദ്യാര്‍ഥികള്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതായി കോളജ് പ്രിന്‍സിപ്പല്‍ അനാമിക ജെയ്ന്‍ പറഞ്ഞു.

Tags:    

Similar News