പതിനഞ്ചു വയസുകാരിയുടെ വിവാവഹം നടത്താനൊരുങ്ങി കുടുംബം; തക്ക സമയത്ത് ഇടപെട്ട് പോലിസ്: പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി: വീട്ടുകാര്‍ക്കെതിരെ കേസ്
പതിനഞ്ചു വയസുകാരിയുടെ വിവാവഹം നടത്താനൊരുങ്ങി കുടുംബം; തക്ക സമയത്ത് ഇടപെട്ട് പോലിസ്
ഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. 15 കാരിയായ പെണ്‍കുട്ടിയെ ആണ് വീട്ടുകാര്‍ 21 കാരനുമായി വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങിയത്. ഒരു അമ്പലത്തില്‍ വെച്ച് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ വിവാഹ വിവരം അറിഞ്ഞ ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടേയും യുവാവിന്റെയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. യുവാവ് തിരിച്ചറിയല്‍ രേഖ ഹാജരാക്കിയെങ്കിലും പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് കുടുംബം പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണ നിശ്ചയമാണെന്നും വാദിച്ച് കുംടുംബക്കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ പ്രേം നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ രോഹിണിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയതിന് ശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.