പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വിജയിച്ചെന്ന് കള്ളം പറഞ്ഞതിന് ഏക മകളെ കുത്തിക്കൊന്ന സംഭവം; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഏക മകളെ കുത്തിക്കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

Update: 2025-04-11 03:40 GMT

ബെംഗളൂരു: പിയു (പ്രീ യൂണിവേഴ്‌സിറ്റി) പരീക്ഷയില്‍ വിജയിച്ചെന്ന് കള്ളം പറഞ്ഞതിന് ഏക മകളെ കുത്തിക്കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ബനശങ്കരി സ്വദേശി ഭീമനേനി പത്മിനി റാണി (59) യെയാണ് സിറ്റി കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29നാണ് പത്മിനി മകള്‍ സാഹിതി ശിവപ്രിയയെ കുത്തിക്കൊലപ്പെടുത്തിയത്. പിയു പരീക്ഷാഫലം വന്നപ്പോള്‍ ശിവപ്രിയ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറച്ചുവച്ച് തനിക്കു 95% മാര്‍ക്കുണ്ടെന്ന് അമ്മയെ വിശ്വസിപ്പിക്കുക ആയിരുന്നു. മകളുടെ വിജയം ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്കു വിരുന്ന് ഉള്‍പ്പെടെ പത്മിനി നല്‍കി.

ഡിഗ്രിക്ക് വിദേശത്ത് പഠിക്കാന്‍ വേണ്ട ക്രമീകരണം ചെയ്യുന്നതിനിടെയാണ് മകള്‍ പരാജയപ്പെട്ട കാര്യം പത്മിനി അറിയുന്നത്. ഇത് സംബന്ധിച്ച് തര്‍ക്കത്തിനിടെയാണ് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ശിവപ്രിയയെ കുത്തിയത്. മകള്‍ മരിച്ചെന്ന് ഉറപ്പായപ്പോള്‍ പത്മിനി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും അയല്‍ക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.

Tags:    

Similar News